മലയാളിയെ വധശിക്ഷക്ക് വിധിച്ച കേസില്‍ യു എ ഇ സുപ്രീം കോടതി നേരിട്ട് വാദം കേള്‍ക്കും

Posted on: April 1, 2015 11:13 am | Last updated: April 1, 2015 at 11:13 am

കോഴിക്കോട്: വധശിക്ഷക്ക് വിധിക്കപ്പെട്ട് യു എ ഇ ജയിലില്‍ കഴിയുന്ന മലയാളിക്ക് പ്രതീക്ഷയേകി കേസില്‍ യു എ ഇ സുപ്രീം കോടതി നേരിട്ട് വാദം കേള്‍ക്കും.
വധശിക്ഷക്ക് വിധിക്കപ്പെട്ട് രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന തിരൂര്‍ സ്വദേശി ഇ കെ ഗംഗാധരന്റെ അപ്പീല്‍ തിങ്കളാഴ്ച പരിഗണിച്ച യു എ ഇ സുപ്രീം കോടതി കേസില്‍ നേരിട്ട് വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിരപരാധിയാണെന്നതിന് ഒട്ടേറെ തെളിവുകളുണ്ടെന്ന ഗംഗാധരന്റെ അഭിഭാഷകന്റെ വാദം സുപ്രീം കോടതി മുഖവിലക്കെടുക്കുകയായിരുന്നെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
32 വര്‍ഷമായി അബൂദബിയിലെ സ്‌കൂളില്‍ ജീവനക്കാരനായ ഇദ്ദേഹത്തെ 2013 ഏപ്രില്‍ 14ന് ഇതേ സ്‌കൂളിലെ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ്‌ക്കോടതികള്‍ നടത്തിയ വിധിക്കെതിരെ സ്‌കൂള്‍ അധികൃതരും ബന്ധുക്കളും മേല്‍ക്കോടതിയെ സമീപിക്കുകയും 2014 മേയ് ആറിന് വധശിക്ഷ റദ്ദ് ചെയ്യുകയും ചെയ്തു.
ശാസ്ത്രീയ തെളിവുകള്‍ കൂടി പരിഗണിച്ച് പുനര്‍വിചാരണക്ക് കീഴ്‌കോടതികള്‍ക്ക് നിര്‍ദേശവും നല്‍കി. എന്നാല്‍ ജനുവരി ഒന്നിന് വന്ന കോടതി വിധിയില്‍ കുട്ടിയും കുട്ടിയുടെ മാതാവും പ്രതിയെ തിരിച്ചറിഞ്ഞെന്നും കുറ്റം സമ്മതിച്ചെന്നും സാഹചര്യം മാത്രം പരിഗണിച്ച് വധശിക്ഷ ശരിവെക്കുകയായിരുന്നു. തുടര്‍ന്ന് ഗംഗാധരന് വേണ്ടി യു എ ഇ പരമോന്നത കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. അതിന്റെ വിധിക്കായി തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി അസാധാരണ തീരുമാനമെടുത്തത്.