Connect with us

Kozhikode

ജനകീയ പ്രതിഷേധത്തിന്റെ ഫലം

Published

|

Last Updated

നരിക്കുനി: ചേളന്നൂര്‍ എട്ടേ രണ്ടിന് സമീപം തകര്‍ന്ന കനാല്‍ സൈഫണിന്റെ ഔട്ട്‌ലെറ്റും കനാലും 24 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി വെള്ളം തുറന്ന വിടുമ്പോള്‍ സഫലമാവുന്നത് ആയിരക്കണക്കിനാളുകളുടെ ആഗ്രഹം.
കക്ഷി രാഷ്ട്രീയ ഭേദമന്യേ ഉയര്‍ന്ന ജനകീയ പ്രതിഷേധത്തിന്റെ ഫലമാണ് ഇത്രപെട്ടെന്ന് കനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാഹചര്യമൊരുക്കിയത്.
എട്ട് മാസം മുമ്പ് കനാല്‍ തകര്‍ന്നിരുന്നെങ്കിലും അത് നന്നാക്കാന്‍ കനാല്‍ തുറക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നതാണ് വലിയപ്രതിഷേധത്തിനും തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തി നടത്താനും അവസരമൊരുക്കിയത്. പെരുവണ്ണാമുഴിയില്‍ കനാല്‍ തുറന്ന് വിടുമ്പോഴും ചേളന്നൂരില്‍ കനാല്‍ നന്നാക്കാന്‍ ജലസേചനവകുപ്പ് സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരം പോലുമാകാതെ കിടക്കുമ്പോഴാണ് പൊതുജനം ഉണര്‍ന്നത്. കനാലിന്റെ തകരാര്‍ പരിഹരിക്കാത്തതിനാല്‍ ചേളന്നൂരിന് സമീപം വെള്ളം തടഞ്ഞുനിര്‍ത്തി. ഇതെ തുടര്‍ന്ന ്‌സമരങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു. ഓരോ ദിവസവും നാലും അഞ്ചും സമരങ്ങള്‍ക്കാണ് ചേളന്നൂരിന്റെ വിവിധ ഭാഗങ്ങളും മുട്ടോളിയിലെ ഇറിഗേഷന്‍ ഓഫീസ് പരിസരവും വേദിയായത്.
ചേളന്നൂര്‍, കക്കോടി, പഞ്ചായത്തുകളിലാണ് ഇത് മൂലം വെള്ളം വിതരണം ചെയ്യുന്നത് മുടങ്ങിയത്. മൂന്ന് പഞ്ചായത്തുകളിലെയും ഭരണാധികാരികളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. എ കെ ശശീന്ദ്രന്‍ എം എല്‍ എയുടെയും എം കെ രാഘവന്‍ എം പിയുടെയും സമയോചിത ഇടപെടലും ജില്ലാകലക്ടറുടെ അവസരോചിത തീരുമാനങ്ങളും കനാല്‍ പ്രവൃത്തിക്കുള്ള ടെന്‍ഡര്‍ നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി പണി തുടങ്ങാന്‍ സാഹചര്യമൊരുക്കി. 1970 കളില്‍ കനാല്‍ നിര്‍മിച്ച ശേഷം ആദ്യമായാണ് ഈ ഭാഗങ്ങളില്‍ കനാല്‍ വെള്ളമെത്താതിരിക്കുന്നത്. പ്രതികൂല സഹചര്യങ്ങളിലും പണി പെട്ടെന്ന് പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയും നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.
പച്ചക്കറി, നെല്ല്, ഇടവിള കൃഷി ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ കനാല്‍ വെള്ളമെത്താത്തതിനാല്‍ ഏറെ ദുരിതത്തിലായിരുന്നു.