കര്‍ണാടക നിയമസഭാംഗങ്ങളുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചു

Posted on: April 1, 2015 12:10 am | Last updated: April 1, 2015 at 10:54 am
SHARE

karnataka-assembly630ബെംഗളൂരു: കര്‍ണാടക നിയമസഭയുടെ ഇരു സഭകളിലേയും അംഗങ്ങളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും എഴുപത്തഞ്ച് ശതമാനത്തോളം വര്‍ധിപ്പിച്ചുകൊണ്ടുള്ള ബില്‍ സംസ്ഥാന നിയമസഭ ചര്‍ച്ച കൂടാതെ പാസ്സാക്കി. ഇതുവരെ ഉള്‍പ്പെടാതിരുന്ന ഏതാനും പുതിയ ഇനങ്ങള്‍ കൂടി റീഎംബേഴ്‌സ്‌മെന്റിന്റെ പരിതിയില്‍ പെടുത്തിയതോടെയാണ് നിയമസഭാംഗങ്ങളുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കുത്തനെ കുതിച്ചത്. ഹോട്ടലില്‍ അന്തിയുറങ്ങേണ്ടി വന്നാല്‍ , ഓരോ രാത്രിക്കും എം എല്‍ എക്ക് 5,000 രൂപ അലവന്‍സായി ലഭിക്കും. ഇതിന് നിയന്ത്രണമൊന്നുമില്ല. ഇതിന് പുറമെ പ്രാദേശിക യാത്രക്ക് ഒരു ദിവസം 1500 രൂപ അലവന്‍സായി ലഭിക്കും. ഈ ആനുകൂല്യം ലഭിക്കാന്‍ എം എല്‍ എ ടിക്കറ്റ് ഹാജരാക്കുകയോ യാത്രാപ്പടി ആവശ്യപ്പെട്ട് കത്ത് നല്‍കുകയോ ചെയ്താല്‍ മതി. നിലവില്‍ കര്‍ണാടകയിലെ എം എല്‍ എമാര്‍ വരുമാനത്തിന്റെ കാര്യത്തില്‍ മറ്റ് എം എല്‍ എമാര്‍ക്ക് ഏറെ മുന്നിലാണ്.
കര്‍ണാടക മിനിസ്റ്റേഴ്‌സ് സാലറീസ് ആന്‍ഡ് അലവന്‍സസ് (ഭേദഗതി) ബില്‍, 2015 അനുസരിച്ച് സംസ്ഥാന ഖജനാവിന് 44 കോടി രൂപ അധികച്ചെലവ് വരും. ആനുകൂല്യ വര്‍ധനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ്. പ്രതിമാസ ശമ്പളം 30,000ത്തില്‍ നിന്ന് 50,000 രൂപയായി. മന്ത്രിസഭാംഗങ്ങളുടെ ശമ്പളം 25,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി ഉയര്‍ത്തി. നിയന്ത്രണത്തോട് കൂടിയ വ്യക്തിഗത ചെലവ് പരിധി ഒന്നര ലക്ഷം രൂപയില്‍ നിന്നും മൂന്ന് ലക്ഷം രൂപയാക്കി ഉയര്‍ത്തി. ഒരു സഹമന്ത്രിക്ക് ശമ്പള ഇനത്തില്‍ 16,000 രൂപ ലഭിച്ചിരുന്നത് 35,000 രൂപയായി വര്‍ധിപ്പിച്ചു. വ്യക്തിഗത ചെലവ് 80,000 രൂപയായിരുന്നത് രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഇതിന് പുറമെ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്ക് വീട്ടുവാടക, അറ്റകുറ്റ പണികള്‍, യാത്രാ ബത്ത എന്നീ ഇനങ്ങളില്‍ കൂടുതല്‍ വരുമാനം ലഭിക്കും. ഒരു വര്‍ഷത്തേക്ക് മൂന്നര കോടി രൂപയാണ് ഇവര്‍ക്ക് ലഭിക്കുക. ഇത്രയും ഭീമമായ ആനുകൂല്യ വര്‍ധന അനുവദിക്കുന്ന ബില്ലുകള്‍ യാതൊരു ചര്‍ച്ചയും കൂടാതെയാണ് നിയമസഭ പാസ്സാക്കിയത്. നിയമ മന്ത്രി ടി ബി ജയചന്ദ്രയാണ് ബില്‍ അവതരിപ്പിച്ചത്. സംസ്ഥാന ഖജനാവിന് ഇത് കാരണം പ്രതിവര്‍ഷം 44 കോടി രൂപ അധികച്ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു. ‘ജീവിത ചെലവിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധന’യാണ് എം എല്‍ എമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു.
എം എല്‍ എമാരുടെയും എം എല്‍ സിമാരുടെയും അടിസ്ഥാന ശമ്പളം 20,000 രൂപയില്‍ നിന്ന് 25,000 രൂപയായും ടെലഫോണ്‍ അലവന്‍സ് 15,000 രൂപയില്‍ നിന്ന് 40,000 രൂപയായും, നിയോജക മണ്ഡലം അലവന്‍സ് 15,000 രൂപയില്‍ നിന്ന് 40,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ ശമ്പളം, അലവന്‍സുകളിലെ വര്‍ധന എന്നിവയിലൂടെ ഒരംഗത്തിന് പ്രതിമാസം 50,000 രൂപയുടെ അധിക വര്‍ധനയുണ്ടാകും. ശമ്പള പരിഷ്‌കരണത്തിലൂടെയുള്ള ആനുകൂല്യങ്ങള്‍ക്ക് പുറമെ എം എല്‍ എമാര്‍ക്ക് പ്രതിമാസം 40,000 രൂപ പെന്‍ഷനായും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിലവിലുള്ള പ്രതിമാസ പെന്‍ഷന്‍ 15,000 രൂപയായിരുന്നു. ഇരു സഭകളിലേയും അധ്യക്ഷന്മാര്‍ക്ക് ശമ്പളം, അലവന്‍സുകള്‍, റിഎംബേഴ്‌സ്‌മെന്റ് എന്നിവ മുഖ്യമന്ത്രിക്ക് സമാനമാണ്. യാത്രാപ്പടി, ഹോട്ടല്‍ താമസം എന്നീ ഇനങ്ങളില്‍ എം എല്‍ എമാര്‍ക്ക് സമാനമായ ആനുകൂല്യമാണ് സഭാധ്യക്ഷന്മാര്‍ക്ക് ലഭിക്കുക. പ്രതിപക്ഷ നേതാക്കള്‍ക്ക് ആനുകൂല്യങ്ങളുടെ കാര്യത്തില്‍ പ്രത്യേക പരിഗണനയൊന്നുമില്ല.
മുന്‍ എം എല്‍ എമാരുടെ പ്രതിമാസ പെന്‍ഷന്‍ 25,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. ഓരോ വര്‍ഷത്തെ അധിക സേവനത്തിന് അധിക അലവന്‍സായി 1000 രൂപ വീതം കൂടുതലായി ലഭിക്കും.