Connect with us

National

സിഗരറ്റ് പാക്കില്‍ 85 ശതമാനം വലിപ്പമുള്ള മുന്നറിയിപ്പ്: തീരുമാനം മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളുടെ പാക്കറ്റിന് മേലുള്ള സചിത്ര മുന്നറിയിപ്പ് പാക്കറ്റിന്റെ 85 ശതമാനം വലുപ്പത്തിലാക്കാനുള്ള തീരുമാനം നടപ്പാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ മാറ്റി വെച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് ഇതുസംബന്ധിച്ച പാര്‍ലിമെന്ററി കമ്മിറ്റി ശിപാര്‍ശ ചെയ്തതോടെയാണ് ഇത്. ഇത്തരമൊരു തീരുമാനം നടപ്പാക്കുമ്പോള്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പഠനവിധേയമാക്കണമെന്നാണ് ശിപാര്‍ശ.
പാര്‍ലിമെന്ററി സമിതിയുടെ അധ്യക്ഷനും ബി ജെ പി. എം പിയുമായ ദിലീപ് കുമാര്‍ ഗാന്ധിയുടെ പരാമര്‍ശം ഇതിനകം വിവാദമായിട്ടുണ്ട്. പുകവലി കാന്‍സറിന് കാരണമാകുമെന്ന് ഇന്ത്യയിലെ ഒരു പഠനവും വ്യക്തമാക്കിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുകവലിമൂലം ക്യാന്‍സര്‍ ഉണ്ടാകുമെന്നത് സംബന്ധിച്ചോ ഇതിന്റെ ആഘാതം എത്രത്തോളമെന്നത് സംബന്ധിച്ചോ ഇന്ത്യയുടെതായ ഒരു പഠനവും ഇതുവരെ നടന്നിട്ടില്ലെന്ന ദിലീപ് കുമാര്‍ ഗാന്ധിയുടെ വാദം തള്ളി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തി. ശാസ്ത്രം, ശാസ്ത്രം തന്നെയാണെന്നും അത് ആര്‍ക്കും തള്ളിക്കളയാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നു മുതല്‍ സിഗരറ്റ് പാക്കറ്റിന് മുകളിലെ 85 ശതമാനം സ്ഥലത്തും പുകവലിക്കെതിരായ മുന്നറിയിപ്പ് പരസ്യം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

Latest