Connect with us

Articles

കുത്തകകള്‍ക്ക് വേണ്ടി മണ്ണിന്റെ മക്കളെ ആട്ടിയിറക്കുമ്പോള്‍

Published

|

Last Updated

കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ച “ഭൂമി ഏറ്റെടുക്കല്‍ നിയമം 2015” മോദി സര്‍ക്കാറിനെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിച്ച പ്രക്ഷോഭത്തിന് വഴിയൊരുക്കിയിരിക്കുകയാണല്ലോ. രാജ്യസഭയില്‍ അംഗീകാരം നേടാനാകാത്ത ബില്‍ ഓര്‍ഡിനന്‍സായി അവതരിപ്പിച്ച്, ഇന്ത്യയുടെ ഭൂമിയും വിഭവങ്ങളും കൈയടക്കാന്‍ കാത്തിരിക്കുന്ന കോര്‍പറേറ്റ് മൂലധന ശക്തികളെ പ്രീതിപ്പെടുത്താനാണ് മോദി ഭരണകൂടം ശ്രമിച്ചത്. ഇതിനെതിരെ പാര്‍ലിമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ലോക്‌സഭയില്‍ എന്‍ ഡി എയിലെ തന്നെ 20 ഓളം എം പിമാര്‍ ശക്തമായി പ്രതിഷേധമുയര്‍ത്തി രംഗത്ത് വന്നു. കര്‍ഷകവിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമായ ബില്ലിനെതിരെ രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധമാണ് ഡല്‍ഹി പാര്‍ലിമെന്റ് ഹൗസിന് മുമ്പില്‍ ബില്‍ അവതര വേളയില്‍ അലയടിച്ചത്. കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അണിനിരന്ന പ്രതിഷേധ വേലിയേറ്റത്തിന് മുന്നില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് പരസ്യമായി തന്നെ ബില്ലിനെതിരെ നിലപാട് സ്വീകരിക്കേണ്ടിവന്നു. അങ്ങനെയാണ് സോണിയാ ഗാന്ധി തന്നെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിന് മുന്‍കൈയെടുത്തത്.
2013 യു പി എ സര്‍ക്കാറിന്റെ കാലത്ത് ബി ജെ പി കൂടി സഹകരിച്ച് പാസാക്കിയതും 2014 മുതല്‍ നിലവില്‍ വന്നതുമായ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ് ഇപ്പോള്‍ ഭേദഗതി ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് തടസ്സമായി നില്‍ക്കുന്ന എല്ലാ വ്യവസ്ഥകളും റദ്ദ് ചെയ്യുന്നതാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി നിര്‍ദേശങ്ങള്‍. വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഭൂമി എളുപ്പത്തില്‍ ലഭ്യമാക്കാനാണ് പോലും കടുത്ത കര്‍ഷകവിരുദ്ധ വും ആദിവാസിവിരുദ്ധവുമായ വ്യവസ്ഥകളടങ്ങിയ ഭേദഗതി കൊണ്ടുവന്നത്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ പിന്തുടര്‍ന്നുവന്നത് 1894ലെ ഭൂമി ഏറ്റെടുക്കല്‍ നിയമമാണ്. 1894ലെ നിയമത്തില്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ വ്യവസ്ഥ ചെയ്യുന്നില്ല. കൊളോണിയല്‍ നിയമങ്ങളുടെ ജനവിരുദ്ധതയും ദേശവിരുദ്ധതയും വികസന ഉന്മാദം പടര്‍ത്തി ഇന്ത്യന്‍ ഭരണാധികാരികള്‍ മറച്ചുപിടിക്കുകയായിരുന്നു.
1957ല്‍ വിഭാവനം ചെയ്ത നര്‍മദാ പദ്ധതിയാണ് ഇന്ത്യയിലെ ഏറ്റവും ഭീകരമായ കുടിയൊഴിപ്പിക്കലിന് കാരണമായ വികസന പദ്ധതി. മഹാരാഷ്ട്രയും മധ്യപ്രദേശും ഗുജറാത്തുമൊക്കെ ഉള്‍ക്കൊള്ളുന്ന നര്‍മദാ തീരത്ത് നിന്നും ആദിവാസി ഗോത്രജനതക്ക് നേരെ കുടിയിറക്ക് ഭീഷണി ഉയര്‍ന്നു. മൂന്ന് വന്‍കിട അണക്കെട്ടുകളും 246 ഇടത്തരം അണക്കെട്ടുകളുമാണ് നര്‍മദക്ക് കുറുകെ വിഭാവനം ചെയ്യപ്പെട്ടത്. ഈ ബൃഹത്തായ പദ്ധതിക്കായുള്ള ജലസംഭരണികളില്‍ മുങ്ങിപ്പോകുന്നവരുടെ പ്രദേശങ്ങളിലെ തദ്ദേശീയരുടെ പ്രതിഷേധമാണ് ഇന്നും തുടരുന്ന നര്‍മദ പ്രസ്ഥാനം. ടാറ്റക്കും ബിര്‍ലക്കുമൊക്കെ വേണ്ടിയുള്ള വ്യവസായ പ്ലാന്റുകള്‍ക്ക് ഭൂമി ഏറ്റെടുത്തുകൊണ്ടിരുന്നത് ലക്ഷങ്ങളെ കുടിയിറക്കിക്കൊണ്ടായിരുന്നു. തൊണ്ണൂറുകളോടെ നവ ലിബറല്‍ പരിഷ്‌കാരങ്ങളാരംഭിച്ചതോടെ നാടനും വിദേശിയുമായ കുത്തകകള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നത് വന്‍തോതില്‍ കുടിയിറക്കലിന് കാരണമായി.
ഒറീസ്സയിലെ ജിയോന്തുറ വനപ്രദേശത്തും ബീഹാറിലെ നിരവധി ഖനന പദ്ധതികള്‍ക്കും വേണ്ടി ഗോത്ര ജനതയെ കൂട്ടത്തോടെ കുടിയിറക്കി. ഛത്തിസ്ഗഢിലെ ബൈലാദില ഇരുമ്പയിര് മേഖല കോര്‍പറേറ്റുകള്‍ കൈയടക്കിത്തുടങ്ങിയതോടെ തദ്ദേശവാസികളായ ആദിവാസികളെ വന്‍തോതില്‍ കുടിയിറക്കി. മഹാരാഷ്ട്രയിലെ ജയ്ത്വാളില്‍ ആണവ പദ്ധതിക്കായി തദ്ദേശീയ ജനതയെ ആട്ടിയിറക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ധാബോളിലെ എന്റോണ്‍ പദ്ധതി പ്രദേശത്തും കുടിയിറക്കിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാകെ ആ പ്രക്ഷോഭം വ്യാപിച്ചു. കര്‍ണാടകയിലും ഗോവയിലും ഡ്യൂപോണ്ടിനും കോജന്‍ട്രിക്‌സിനും വേണ്ടി തുടങ്ങിയ കുടിയിറക്കലിനെതിരെ വലിയ പ്രതിഷേധമാണ് വളര്‍ന്നുവന്നത്. ഈയൊരു സാഹചര്യമാണ് പുനരധിവാസമോ നഷ്ടപരിഹാരമോ ഉറപ്പ് വരുത്താത്ത 1894ലെ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആവശ്യമായ പഠനം വേണമെന്നും ഏകപക്ഷീയവും നിരുത്തരവാദപരവുമായ കുടിയിറക്കലുകള്‍ അനുവദിക്കില്ലെന്നുമുള്ള പൊതു അവബോധം ഇന്ന് സാര്‍വദേശീയ തലത്തില്‍ തന്നെ ശക്തമാണ്. അന്താരാഷ്ട്ര തലങ്ങളില്‍ തന്നെ ഇതു സംബന്ധമായ നിയമങ്ങളും മനുഷ്യാവകാശ ഉടമ്പടികളും രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
നിലനില്‍പ്പിന് വേണ്ടിയുള്ള കുടിയിറക്കപ്പെടുന്നവരുടെ പ്രതിഷേധങ്ങളെയും സമരങ്ങളെയും പലപ്പോഴും വികസനവിരുദ്ധതയായി ചിത്രീകരിക്കുകയാണ് നവ ലിബറല്‍ ഭരണകര്‍ത്താക്കള്‍. വികസനമില്ലായ്മക്കും പിന്നാക്കാവസ്ഥക്കും കാരണം മുതലാളിത്ത വികസന നയമാണെന്ന യാഥാര്‍ഥ്യം മറച്ചുപിടിച്ച് ഭൂമി ഏറ്റെടുക്കാന്‍ ജനങ്ങള്‍ തടസ്സം നില്‍ക്കുന്നത് കൊണ്ടാണ് വ്യവസായങ്ങള്‍ വരാത്തതെന്നാണ് ഇത്തരക്കാരുടെ പതിവ് പ്രചാരണം.
സ്വാതന്ത്ര്യാനന്തരം ഒന്നും രണ്ടും വ്യവസായ നയങ്ങളുടെയും റാവു സര്‍ക്കാറിന്റെ പുത്തന്‍ വ്യവസായ നയത്തിന്റെയും ഭാഗമായി 20 ദശലക്ഷം ഹെക്ടറിലേറെ ഭൂമി വികസന പ്രവര്‍ത്തനത്തിനായി ഏറ്റെടുത്തിട്ടുണ്ട്. ഇതിന്റെ പകുതി പോലും വികസന ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടില്ല. ആന്ധ്ര, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാന സര്‍ക്കാറുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്ത 5, 72,793 ഏക്കര്‍ ഭൂമിയില്‍ ഉപയോഗിച്ചത് 2, 55,471 ഏക്കര്‍ മാത്രമാണ്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ വിവിധ വികസന പദ്ധതികള്‍ക്കായി ഏറ്റെടുത്ത 7000 ഏക്കര്‍ ഭൂമിയില്‍ 3000 ഏക്കറോളം വെറുതെ കിടക്കുകയാണ്. ആന്ധ്ര പ്രദേശില്‍ ഏറ്റെടുത്ത 1, 39,000 ഏക്കര്‍ ഭൂമിയില്‍ 50,000 ലേറെ ഏക്കര്‍ ഭൂമി ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇതെല്ലാം കാണിക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് ഭൂമിയുടെ ലഭ്യതക്കുറവ് മൂലമല്ല, തെറ്റായ വികസന നയം മൂലമാണെന്നാണ്.
2014ലെ സി എ ജി റിപ്പോര്‍ട്ട് തന്നെ ചൂണ്ടിക്കാട്ടുന്നത് അംബാനി, അദാനി തുടങ്ങിയ കോര്‍പറേറ്റുകള്‍ക്ക് ഏറ്റെടുത്തുകൊടുത്ത 47, 000 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് വികസനത്തിനാണ് ഉപയോഗിച്ചതെന്നാണ്. മാത്രമല്ല, ഈ ഭൂമി പണയപ്പെടുത്തി ഈ കോര്‍പറേറ്റുകള്‍ വന്‍ വായ്പ തട്ടിയെടുക്കുകയും ചെയ്തു. ഗുജറാത്തിലെ മുംജെ തുറമുഖ വികസനത്തിന് ഗൗതം അദാനിക്ക് ചുളുവിലക്ക് മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നല്‍കിയ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിനാണ് ഉപയോഗിച്ചത്.
ഇപ്പോള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന “ഭൂമി ഏറ്റെടുക്കല്‍ നിയമം 2015” ഭൂപരിഷ്‌കരണ നിയമത്തെയും വനാവകാശ നിയമത്തെയും ആദിവാസി പഞ്ചായത്ത് നിയമത്തെയും അപ്രസക്തമാക്കുന്ന വ്യവസ്ഥകളടങ്ങിയതാണ്. പാവപ്പെട്ട കൃഷിക്കാരുടെ ഭൂമി ഏറ്റെടുത്ത് കുത്തകകള്‍ക്ക് കൈമാറുന്ന ഈ നിയമം, ഇന്ത്യയിലെ 60 ശതമാനത്തോളം വരുന്ന, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിയിറക്കും. ചെറുകിട കൃഷിക്കാര്‍ മുതല്‍ ആദിവാസി ജനത വരെ ജനിച്ചുവീണ മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടിവരുന്ന ദുരന്തപൂര്‍ണമായ സാഹചര്യമാണ് നിയമം മൂലം സൃഷ്ടിക്കപ്പെടുക.
ഭൂപരിഷ്‌കരണ നിയമം അനുശാസിക്കുന്ന ഭൂപരധി വ്യവസ്ഥയനുസരിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യേണ്ട ഭൂമിയുടെ ലഭ്യത ഭൂമി ഏറ്റെടുക്കല്‍ നിയമം ഇല്ലാതാക്കുന്നു. വനാവകാശ നിയമം ആദിവാസികള്‍ക്ക് നല്‍കുന്ന വനമേഖലയിലെ വിഭവങ്ങള്‍, മണ്ണ്, വെള്ളം തുടങ്ങിയവക്ക് മേലുള്ള അവകാശങ്ങളെ ഈ നിയമം ഇല്ലാതാക്കും. 1996ലെ ആദിവാസി പഞ്ചായത്ത് നിയമം ഗോത്രജനതക്ക് നല്‍കുന്ന സ്വയം നിര്‍ണയാധികാരങ്ങളെയും ഈ നിയമം ഇല്ലാതാക്കുന്നു. അക്ഷരാര്‍ഥത്തില്‍ ഇന്ത്യയിലെ ഗ്രാമീണ, ആദിവാസി സമൂഹങ്ങളുടെ അസ്ഥിത്വത്തെ തന്നെയാണ് ഈ നിയമം ചോദ്യം ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ജനസംഖ്യയില്‍ എട്ട് ശതമാനത്തോളം വരുന്ന ആദിവാസി ജനതയില്‍ 55 ശതമാനവും അവരുടെ നൈസര്‍ഗിക വാസസ്ഥലങ്ങളില്‍ നിന്നും കുടിയിറക്കപ്പെട്ടിരിക്കുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ ഇല്ലാതാകുന്നതോടെ തദ്ദേശിയരായ ഭൂരിപക്ഷവും സ്വന്തം മണ്ണില്‍ അഭയാര്‍ഥികളായി കഴിയേണ്ടിവരും. മണ്ണിന്റെ മക്കളെ വഴിയാധാരമാക്കുന്ന കോര്‍പറേറ്റ് മൂലധന താത്പര്യങ്ങളെയും അതിന്റെ നിര്‍വാഹകരായ ഭരണാധികാരികളെയും തുറന്നുകാണിക്കാനും ഒറ്റപ്പെടുത്താനും ജനാധിപത്യ ശക്തികള്‍ ഒന്നാകെ രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിത്.

Latest