പുറമെ ആശ്വാസമെങ്കിലും സര്‍ക്കാറിന് നെഞ്ചിടിപ്പ്

Posted on: April 1, 2015 5:39 am | Last updated: March 31, 2015 at 11:40 pm

തിരുവനന്തപുരം: ഒരു വര്‍ഷമായി കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച മദ്യനയത്തില്‍ തീര്‍പ്പ് കല്‍പ്പിച്ചുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി സര്‍ക്കാറിന് ആശ്വാസം. ജനവികാരം ഉള്‍ക്കൊണ്ടുള്ള കോടതി വിധി കേരളത്തിന് നല്‍കുന്നതാകട്ടെ വലിയ ആത്മവിശ്വാസവും. ടൂറിസം രംഗം പിന്നോട്ടടിക്കുമെന്ന വാദം ഉയര്‍ത്തി നയം തിരുത്താന്‍ സര്‍ക്കാര്‍ തന്നെ നടത്തിയ നീക്കത്തിനുള്ള തിരിച്ചടി കൂടിയാണ് ഈ വിധി. മാത്രമല്ല, വിധി പ്രതികൂലമായതോടെ ബാര്‍ കോഴ ആരോപണത്തില്‍ സര്‍ക്കാറിനൊപ്പം നിന്ന ബാറുടമകള്‍ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നത് സര്‍ക്കാറിന്റെ നെഞ്ചിടിപ്പും കൂട്ടുന്നു.

മദ്യനയവിവാദം കേരളത്തില്‍ രൂപപ്പെട്ട് ഒരു വര്‍ഷമാകുന്ന ഘട്ടത്തിലാണ് ഇക്കാര്യത്തിലൊരു തീര്‍പ്പിലെത്തുന്നത്. അതേസമയം, ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ നിയമയുദ്ധവും തുടരും. കൃത്യം ഒരു വര്‍ഷം മുമ്പ് ഇതുപോലൊരു മാര്‍ച്ച് 31ന് ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട തര്‍ക്കമാണ് ജനവികാരത്തിനൊപ്പം നില്‍ക്കുന്ന മദ്യനയത്തിലേക്ക് സര്‍ക്കാറിനെ വഴി നടത്തിയത്. നിലവാരമില്ലെന്ന് സുപ്രീംകോടതി കണ്ടെത്തിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന വി എം സുധീരന്‍ ഉള്‍പ്പെടെ സ്വീകരിച്ച കര്‍ക്കശ നിലപാടാണ് പഞ്ചനക്ഷത്രം ഒഴികെയുള്ള എല്ലാ ബാറുകളും പൂട്ടുന്ന തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിയത്. അന്ന് തുടങ്ങിയ വിവാദം ദിവസം ചെല്ലുംതോറും ശക്തിപ്രാപിച്ച് വരുന്നതാണ് കേരളം പിന്നീട് കണ്ടത്. 418 ബാറുകള്‍ മാത്രം പൂട്ടിയത് കൊണ്ട് കാര്യമില്ലെന്നും അതിനാല്‍ എല്ലാ ബാറുകളും പൂട്ടാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നിലപാട് സ്വീകരിക്കുകയായിരുന്നു.
പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന നിലപാടിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ തുറന്ന ബാറുകള്‍ കൂടി പൂട്ടണമെന്ന നിര്‍ദേശം യു ഡി എഫ് യോഗത്തില്‍ വെച്ചത് കക്ഷിനേതാക്കളെ പോലും അമ്പരപ്പിച്ചു. പൂട്ടിയ ബാറുകളുടെ കാര്യത്തില്‍ വി എം സുധീരന്‍ നിലപാട് മാറ്റില്ലെന്ന് കണ്ടതോടെ എ ഗ്രൂപ്പ് സ്വീകരിച്ച മറുതന്ത്രമായിരുന്നു പുതിയ മദ്യനയം. മദ്യനയം കോടതി കയറിയതോടെ നയത്തിന് സുപ്രീംകോടതിയില്‍ നിന്ന് താല്‍ക്കാലിക സ്റ്റേ ലഭിച്ചു. ഹൈക്കോടതി വിധി വരും വരെ ബാറുകള്‍ പ്രവര്‍ത്തിക്കട്ടെയെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. മദ്യനയത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ക്കിടെയാണ് ബാര്‍ കോഴ ആരോപണം വരുന്നത്. കെ എം മാണി കോഴ വാങ്ങിയെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജുരമേശ് ഉന്നയിച്ചതോടെ കേരള രാഷ്ട്രീയം കലുഷിതമായി.
മാണിക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തിയ വിജിലന്‍സ് പിന്നീട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. മാണിക്കെതിരായ ആരോപണത്തില്‍ ബിജു രമേശ് ഉറച്ച് നിന്നെങ്കിലും അസോസിയേഷനിലെ മറ്റംഗങ്ങള്‍ ഇതിനെ പിന്തുണച്ചിരുന്നില്ല. ഹൈക്കോടതി വിധി അനുകൂലമാകുമെന്ന പ്രതീക്ഷയായിരുന്നു ബാറുടമകള്‍ക്ക്. പുതിയ സാഹചര്യത്തില്‍ അവര്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് സര്‍ക്കാറിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അടച്ച് പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം തന്നെ കോഴ ആരോപണം ഉയര്‍ന്ന ശേഷമുണ്ടായതാണ്. ടൂറിസം മേഖലക്ക് തിരിച്ചടിയാകുമെന്ന വാദം ഉയര്‍ത്തി മദ്യനയം തിരുത്താനും സര്‍ക്കാര്‍ ഒരുങ്ങിയതാണ്. ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി കൂടി അടിസ്ഥാനമാക്കിയായിരുന്നു ഈ നീക്കം. തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയും ഇതിന് ആധാരമാക്കി. നയം സമ്പൂര്‍ണ്ണമായി ശരിവെക്കുകയും സിംഗിള്‍ ബെഞ്ച് വിധി തിരുത്തുകയും ചെയ്തതോടെ നയം തിരുത്താനുള്ള നീക്കം ഇനി എളുപ്പമാകില്ല. ബാറുടമകള്‍ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുമ്പോള്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാണ്.
എന്തായാലും പഞ്ചനക്ഷത്രം ഒഴികെയുള്ള എല്ലാബാറുകള്‍ക്കും പൂട്ട് വീഴുന്നതോടെ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ചാരായ നിരോധം ഏര്‍പ്പെടുത്തിയ ശേഷം ഈ രംഗത്ത് നടപ്പാക്കുന്ന ചരിത്രപരമായനീക്കത്തിന് കേരളം സാക്ഷ്യം വഹിക്കും.