ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ബജറ്റിന് അംഗീകാരം

Posted on: March 31, 2015 12:16 pm | Last updated: March 31, 2015 at 12:16 pm
SHARE

ചിറ്റൂര്‍: 2015-16 വര്‍ഷത്തേക്ക് 38.5 കോടിവരവും 37 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന് ചിറ്റൂര്‍-തത്തമംഗലം നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. വരവിനത്തില്‍ മുന്‍വര്‍ഷത്തെ 12.69 കോടിയുടെ നീക്കിയിരിപ്പും ഉള്‍പ്പെടും.
ഒമ്പതരകോടി ചെലവില്‍ ആരംഭിച്ച കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കലാണ് ലക്ഷ്യം. ആധുനിക സൗകര്യങ്ങളോടെ അണിക്കോട്ടില്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാനുള്ള മുന്‍വര്‍ഷ തീരുമാനം പൂര്‍ത്തിയാക്കും. പത്തുലക്ഷം ചെലവില്‍ ചിറ്റൂര്‍ ലൈബ്രറി നവീകരിക്കും. ചിറ്റൂര്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നില്‍ മിനി ബസ് സ്റ്റാന്‍ഡും ലക്ഷ്യമിട്ടിട്ടുണ്ട്. നഗരസഭാ വൈസ് ചെയര്‍മാന്‍ എന്‍ ശങ്കരമേനോനാണ് ബജറ്റ് അവതരിപ്പിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ എ ഷീബയാണ് ബജറ്റ് അവതരണത്തിനു ക്ഷണിച്ചത്. ഉച്ചനേരത്തെ ഇടവേളയ്ക്കുശേഷം രണ്ടിനു നടന്ന ബജറ്റിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. 2015-16 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വികസനപദ്ധതികള്‍ക്കൊന്നും തുക വെളിപ്പെടുത്തിയിരുന്നില്ല.
പ്രതിപക്ഷ കൗണ്‍സിലര്‍മാരായ സൈലേഷ് കുമാര്‍, മുരളി എന്നിവരാണ് ബജറ്റ് അവതരണം കബളിപ്പിക്കലാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി ബജറ്റ് അവതരിപ്പിച്ചതില്‍ ഭൂരിഭാഗവും പ്രാവര്‍ത്തിമാക്കിയിട്ടില്ലെന്നും ബഹളം വച്ചു. പിന്നീട് ബജറ്റ് അവതരണം പാസായതായി അധ്യക്ഷത വഹിച്ച കെ എ ഷീബ പ്രഖ്യാപിച്ചതോടെ സഭ പിരിഞ്ഞു.