ഇറാന്‍ ആണവ കരാര്‍ അന്തിമഘട്ടത്തില്‍

Posted on: March 31, 2015 1:48 am | Last updated: March 31, 2015 at 10:51 am
SHARE

kerry-javadലോസന്നെ: ഇറാനുമായി ആണവ കരാറിലെത്താനുള്ള പാശ്ചാത്യന്‍ രാജ്യങ്ങളുടെ ശ്രമം അന്തിമ ഘട്ടത്തില്‍. ഇന്നാണ് കരാറിലെത്തുന്നതിനുള്ള അവസാന തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ചില വിഷയങ്ങളില്‍ ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് തുടരുകയാണ്. യു എന്‍ രക്ഷാസമിതി അംഗങ്ങളായ അഞ്ച് രാജ്യങ്ങള്‍ ചര്‍ച്ചയില്‍ സജീവമായി രംഗത്തുണ്ട്. ഇപ്പോള്‍ കരാറിന്റെ ഒരു രൂപ രേഖയുണ്ടാക്കി ജൂണ്‍ മാസത്തോടെ ഇത് പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫും സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യു എസിലേക്കുള്ള യാത്ര, ഇറാന്‍ ആണവ കരാറിന്റെ പേരില്‍ ജോണ്‍ കെറി റദ്ദാക്കിയിരുന്നു. ആണവ കരാറിലെത്തുന്നതോടെ ഇറാന് മേല്‍ ചുമത്തിയിട്ടുള്ള നിരവധി ഉപരോധങ്ങളില്‍ ഇളവുണ്ടാകുമെന്ന് കരുതപ്പെടുന്നു.
നിലവില്‍ ചര്‍ച്ച പുരോഗതിയുടെ പാതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര കാലത്തേക്കാണ് ആണവ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതെന്ന വിഷയത്തിലും ഉപരോധത്തിലെ ഇളവുകള്‍ എന്തായിരിക്കുമെന്ന വിഷയത്തിലും ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്.
ആണവ കരാറിലെത്തുകയാണെങ്കില്‍ തങ്ങളുടെ സമ്പുഷ്ടീകരിച്ച ആണവ ഇന്ധനം എന്തുചെയ്യമെന്ന വിഷയത്തില്‍ ഇറാനും ആശങ്ക പ്രകടിപ്പിക്കുന്നു. രാജ്യത്തിന്റെ പുറത്തേക്ക് ഇത് കൊണ്ടുപോകുന്ന കാര്യം ഇറാന്‍ നിഷേധിച്ചിട്ടുണ്ട്. സമ്പുഷ്ടീകരിച്ച് ആണവ ഇന്ധനം എന്തുചെയ്യണമെന്ന വിഷയത്തിലാണ് ദീര്‍ഘമായി ചര്‍ച്ചകള്‍ നടന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ഇതുസംബന്ധിച്ച ഒരു പരിഹാരത്തില്‍ ഇതുവരെയും എത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്പുഷ്ടീകരിച്ച ആണവ ഇന്ധനത്തിന്റെ പതിനായിരം സെന്‍ട്രിഫ്യൂജുകള്‍ തങ്ങളുടെ കൈവശം വെക്കുമെന്നാണ് ഇതുവരെ ഇറാന്‍ വാദിച്ചിരുന്നതെന്നും ഇതിന്റെ എണ്ണം ഇപ്പോള്‍ 6,000 മാക്കി ചുരുക്കാന്‍ അവര്‍ തയ്യാറായതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിലും കുറവ് എണ്ണം കൈവശം വെക്കാനും ഇറാന്‍ തയ്യാറാകുമെന്നാണ് സൂചന. തങ്ങളുടെ ആണവ പദ്ധതികള്‍ ഊര്‍ജ ആവശ്യത്തിന് വേണ്ടിയുള്ളതാണെന്ന് ഇറാന്‍ നിരന്തരം ഉണര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.