Connect with us

International

സ്വന്തം ജനത വിധിയെഴുതി; യു എസിന് ഏറ്റവും വലിയ ഭീഷണി ഒബാമ തന്നെ

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കക്ക് ഭീഷണിയാകുന്ന ലോക നേതാക്കളുടെ പട്ടികയില്‍ സ്വന്തം പ്രസിഡന്റ് ബരാക് ഒബാമക്ക് ഒന്നാം സ്ഥാനം. റോയിറ്റേഴ്‌സ്- ഇപ്‌സോസ് ഒണ്‍ലൈന്‍ സംഘടിപ്പിച്ച സര്‍വേയിലാണ് ജനം ഈ രീതിയില്‍ പ്രതികരിച്ചത്. സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊന്ന് റിപ്പബ്ലിക്കന്‍ അനുകൂലികളും (34 ശതമാനം) മറ്റെന്തിനെക്കാളും ഒബാമയാണ് അമേരിക്കക്ക് ഭീഷണിയെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, ഉക്രൈന്‍ വിഷയത്തില്‍ പ്രകോപനമുണ്ടാക്കുന്ന റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനാണെന്ന് 25 ശതമാനവും സിറിയന്‍ പ്രസിഡന്റ് ബശറുല്‍ അസദാണെന്ന് 23 ശതമാനവും അഭിപ്രായപ്പെടുന്നു.
രാജ്യങ്ങള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിങ്ങനെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പട്ടികയുണ്ടാക്കി അതില്‍ ആരാണ്/ ഏതാണ് രാജ്യത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത് എന്നായിരുന്നു സര്‍വേയില്‍ ചോദിച്ചത്. ഭീഷണി തീരെയില്ലാത്തത് മുതല്‍ ഉടന്‍ ഭീഷണിയായേക്കുന്നത് എന്നിങ്ങനെ ഒന്ന് മുതല്‍ അഞ്ച് വരെ ക്രമപ്പെടുത്താനായിരുന്നു നിര്‍ദേശം. 2,809 അമേരിക്കക്കാര്‍ സര്‍വേയില്‍ പങ്കെടുത്തു.
ഈ മാസം 16ന് ആരംഭിച്ച സര്‍വേ 24നാണ് പൂര്‍ത്തിയായത്. സര്‍വേയില്‍ 1,083 ഡെമോക്രാറ്റുകളും 1,059 റിപ്പബ്ലിക്കുകളും പങ്കെടുത്തു. 27 ശതമാനം റിപ്പബ്ലിക്കുകള്‍ വിശ്വസിക്കുന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് രാജ്യത്തിന് ഭീഷണിയാകുന്നത് എന്നാണ്. അതേസമയം, 22 ശതമാനം ഡെമോക്രാറ്റുകളുടെ വിശ്വാസം റിപ്പബ്ലിക്കുകള്‍ രാജ്യത്തിന് ഭീഷണിയാകുമെന്നാണ്. എന്നാല്‍, സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും (58 ശതമാനം) വിശ്വസിക്കുന്നത് തീവ്രവാദ സംഘടനയായ ഇസില്‍ രാജ്യത്തിന് വെല്ലുവിളിയാകും എന്നാണ്. 43 ശതമാനം പേര്‍ അല്‍ഖാഇദ ഭീഷണിയാകുമെന്ന് അഭിപ്രായപ്പെടുമ്പോള്‍ വടക്കന്‍ കൊറിയന്‍ നേതാവ് ജിം യോംഗ് ഉന്നും (34 ശതമാനം) ഇറാന്‍ നേതാവ് ആയത്തുല്ല അലി ഖംനാഇയും (27 ശതമാനം) പേടിപ്പെടുത്തുന്നു എന്നാണ് കരുതുന്നത്.
ഡെമോക്രാറ്റുകള്‍ കാലാവസ്ഥാ വ്യതിയാനത്തെ ഭീഷണിയായി കാണുമ്പോള്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് അതത്ര വലിയ സംഭവമൊന്നുമല്ല. 33, 27 ശതമാനമാണ് യഥാക്രമം ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കുകളുടെയും കലാവസ്ഥാ വ്യതിയാന ആശങ്കകള്‍.
2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും ഭയത്തിന്റെ പ്രചാരണങ്ങളാണ് ടിവി ഷോകളിലും മറ്റും നടത്തുന്നതെന്നും പ്രമുഖര്‍ വിലയിരുത്തുന്നു.

Latest