Connect with us

Editorial

അറബ് രാഷ്ട്രങ്ങള്‍ക്ക് സംയുക്ത സേന

Published

|

Last Updated

സംയുക്ത അറബ് സൈനിക സേനക്കു രൂപം നല്‍കാന്‍ തീരുമാനിച്ചിരിക്കയാണ് ഈജിപ്തില്‍ ചേര്‍ന്ന അറബ് ലീഗ് ഉച്ചകോടി. റിയാദോ, കൈറോയോ ആസ്ഥാനമായി യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമടക്കമുള്ള സന്നാഹങ്ങളോടെ, 40,000 ഭടന്മാര്‍ ഉള്‍ക്കൊള്ളുന്ന മികച്ച സേനയാണ് ലീഗ് വിഭാവനം ചെയ്യുന്നത്. സംയുക്ത സൈന്യത്തിന്റെ ഘടനയും പ്രവര്‍ത്തനവും പരിശോധിക്കുന്നതിന് അറബ് സൈനിക മേധാവികളുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയും രൂപവത്കരിക്കുമെന്ന് ഉച്ചകോടി തീരുമാനം വെളിപ്പെടുത്തവെ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി വ്യക്തമാക്കുകയുണ്ടായി.
യമനില്‍ ഹൂതി വിമതര്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നടപടിയും, അറബ് മേഖലയില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ മുന്നേറ്റവുമാണ് സംയുക്ത സേനാ രൂപവത്കരണ നീക്കത്തിന്റെ പശ്ചാത്തലം. പടര്‍ന്നു പിടിക്കുന്ന തീവ്രവാദ പ്രവണതക്കെതിരെ പോരാടാന്‍ സഊദി ആസ്ഥാനമായി അറബ് രാഷ്ട്രങ്ങളുടെ ഭീകരവിരുദ്ധ സഖ്യം അനിവാര്യമാണെന്ന് വാഷിംഗ്ടണും ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യം അറബ് രാഷ്ട്രത്തലവന്മാരുമായി സംസാരിക്കാന്‍ കഴിഞ്ഞ വര്‍ഷം യു എസ് വിദേശകാര്യ സെക്രട്ടറി പശ്ചിമേഷ്യ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവ്വിഷയകമായി സഊദി വിദേശകാര്യ മന്ത്രി സഊദ് രാജകുമാരന്റെ നേതൃത്വത്തില്‍ ദുബൈയില്‍ ഈജിപ്ത്, ഖത്തര്‍, യു എ ഇ തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രധിനിധികള്‍ പങ്കെടുത്ത പ്രഥമ കൂടിയാലോചനാ യോഗത്തില്‍ ഇറാന്‍ കൂടി ഉള്‍ക്കൊള്ളുന്ന സഖ്യമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിറുമായി സഊദി പ്രതിനിധികള്‍ ചര്‍ച്ചയും നടത്തിയിരുന്നു. ഇപ്പോള്‍ യമനിലെ ഹൂതി വിമതര്‍ക്ക് ഇറാന്‍ പിന്തുണ നല്‍കിയത് സഊദിയും ഇറാനും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കെ സംയുക്ത സേനയില്‍ നിന്ന് ഇറാനെ മാറ്റി നിര്‍ത്താനാണ് സാധ്യത.
അറബ് ലോകം അകത്ത് നിന്നും പുറത്തു നിന്നും വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മേഖലക്ക് ശക്തമായ ഒരു സംയുക്ത സേന അനിവാര്യമാണെന്നതില്‍ സംശയമില്ല. പക്ഷേ ഇത്തരമൊരു സേനയുടെ പ്രവര്‍ത്തനം അറബ് മേഖലയിലെ ശത്രുക്കള്‍ക്കും വിമത പ്രസ്ഥാനങ്ങള്‍ക്കും നേരെ മാത്രമായി പരിമിതപ്പെടരുത്. അറബ് സമൂഹവും സംസ്‌കാരവും കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നത് പടിഞ്ഞാറന്‍ ശക്തികളില്‍ നിന്നും ഇസ്‌റാഈലില്‍ നിന്നുമാണ്. അറബ് ദേശീയതയും ഇസ്‌ലാമിക സംസ്‌കാരവും നശിപ്പിക്കാനും തത്സ്ഥാനത്ത്, പടിഞ്ഞാറന്‍ സംസ്‌കാരത്തിന് മുന്‍തുക്കമുള്ള ഒരു സങ്കരസംസ്‌കാരം വളര്‍ത്തിയെടുക്കാനും പ്രതിലോമ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. അറബ് മേഖലയില്‍ ഉടലെടുക്കുന്ന വിമത പ്രവര്‍ത്തനങ്ങളുടെയും തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പിന്നാമ്പുറം പരിശോധിക്കുമ്പോള്‍ മിക്കവാറും ചെന്നെത്തുന്നത് അമേരിക്കല്‍ ചാരസംഘടനായ സി ഐ എയിലോ, സയണിസത്തിലോ ആയിരിക്കും. പ്രത്യക്ഷത്തില്‍ അറബ് ഭരണാധികാരികള്‍ക്കൊപ്പം നില്‍ക്കുകയും രഹസ്യമായി അറബ് മേഖലയില്‍ അസ്ഥിരതയും അരാജകത്വവും വളര്‍ത്തുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇതിനെ സൈനികമായി പ്രതിരോധിക്കാന്‍ അറബ് സഖ്യത്തിനാകില്ലെങ്കിലും, തോളിലിരുന്ന് ചെവി തിന്നുന്നവരെക്കുറിച്ച അവബോധവും തിരിച്ചറിവുമെങ്കിലും ഉണ്ടാകേണ്ടതുണ്ട്.
അറബ് ലോകത്തിന് ഗുണകരമെന്ന നിലയില്‍ പടിഞ്ഞാറന്‍ ശക്തികള്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ക്കുള്ളില്‍ പോലും പലപ്പോഴും കുരുട്ടു ബുദ്ധി ഒളിഞ്ഞിരിപ്പുണ്ടാകും. അറബ് ലീഗ് രുപവത്കരണം തന്നെ ഇതിന് ഉദാഹരണമാണ്. ബ്രിട്ടനിലെ വിദേശകാര്യമന്ത്രിയായിരുന്ന ആന്റണി ഈഡന്‍ 1941 മെയ് 21നു നടത്തിയ മാന്‍ഷന്‍ ഹൗസ് പ്രസംഗമാണല്ലോ യഥാര്‍ഥത്തില്‍ ലീഗ് രൂപവത്കരണത്തിന് വഴി തെളിയിച്ചത്. അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ പൊതുധാരണയും ഐക്യവും വളരാന്‍ ഒരു സംഘടനയുടെ ആവശ്യകതയെക്കുറിച്ചാണ് അന്ന് അദ്ദേഹം പറഞ്ഞത്. അറബികള്‍ പൊതുവായി അംഗീകരിച്ച ഏതു പദ്ധതിയെയും ബ്രിട്ടന്‍ പിന്താങ്ങുമെന്നും ആന്റണി ഈഡന്‍ അന്ന് അറബ് സമൂഹത്തോട് വാഗ്ദാനവും ചെയ്തു. ഉസ്മാനിയ (ഓട്ടോമന്‍) സാമ്രാജ്യത്വത്തിനു പകരം തങ്ങളുടെ താത്പര്യങ്ങള്‍ കൂടി മാനിക്കുന്ന മറ്റൊരു അറബ്ശക്തി മധ്യപൗരസ്ത്യ ദേശത്തുണ്ടാവണമെന്നായിരുന്നു യഥാര്‍ഥത്തില്‍ ബ്രിട്ടന്റെ താത്പര്യം. ഇക്കാര്യത്തില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
ഇപ്പോള്‍ സംയുക്ത സേനക്കു വേണ്ടി അമേരിക്ക നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നതിന് പിന്നില്‍ ആയുധക്കച്ചവടമടക്കമുള്ള അവരുടേതായ സ്വാര്‍ഥ താത്പര്യങ്ങളുണ്ടായിരിക്കണം. ഇത് തിരിച്ചറിയാന്‍ അറബ് ലീഗ് നേതൃത്വത്തിനാകുമെന്നു പ്രതീക്ഷിക്കാം. ഒപ്പം ഫലസ്തീനികള്‍ക്കെതിരായ ഇസ്‌റാഈലിന്റെ കിരാതത്വത്തിന് അറുതി വരുത്തുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങളെക്കുറിച്ചും ലീഗ് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. സൈനികമായ ഇടപെടല്‍ ഇതിന് പ്രായോഗികമല്ലെങ്കിലും, പെട്രോളിന്റെ കലവറ എന്ന നിലയില്‍ അറബ് മേഖലക്ക് ആഗോള തലത്തിലുള്ള സ്വാധീനം ഒരു സമ്മര്‍ദ്ദ തന്ത്രമായി വിനിയോഗിക്കാന്‍ സാധിക്കും. 1967 ല്‍ ഇസ്‌റാഈല്‍ നടത്തിയ ഈജിപ്ത് അധിനിവേശത്തിന് അറബ് ലോകം തടയിട്ടത് എണ്ണനിയന്ത്രണമെന്ന സമ്മര്‍ദ്ദ തന്ത്രത്തിലൂടെയായിരുന്നുവല്ലോ.

Latest