Connect with us

Sports

ദുംഗയുടെ ബ്രസീലിന് എട്ടാം ജയം

Published

|

Last Updated

ലണ്ടന്‍: ദുംഗയുടെ ബ്രസീലിന് തോല്‍ക്കാന്‍ മനസ്സില്ല. രാജ്യാന്തര സൗഹൃദഫുട്‌ബോളില്‍ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബ്രസീല്‍ അവരുടെ തുടര്‍ച്ചയായ എട്ടാം ജയം സ്വന്തമാക്കി. ലോകകപ്പില്‍ ജര്‍മനിയോട് 7-1ന് തകര്‍ന്ന് തരിപ്പണമായ കാനറിപ്പടയെ ദുംഗ പരിശീലക സ്ഥാനത്തേക്കുള്ള രണ്ടാം വരവില്‍ അജയ്യരായി കുതിപ്പിക്കുകയാണ്.
ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ റോബര്‍ട് ഫിര്‍മിനോ എന്ന യുവതുര്‍ക്കിയുടെ ഗോളിലാണ് ബ്രസീലിന്റെ ജയം. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ഹോഫെന്‍ഹെയ്മിനായി കഴിഞ്ഞ സീസണില്‍ പതിനാറ് ഗോളുകള്‍ നേടിയ താരമാണ് ഫിര്‍മിനോ. നവംബറില്‍ ആസ്ത്രിയക്കെതിരെ പകരക്കാരനായെത്തി ഗോളടിച്ച ഇരുപത്തിമൂന്നുകാരന്‍ കഴിഞ്ഞാഴ്ച ഫ്രാന്‍സിനെതിരെ ഓസ്‌കറിന് ഗോളൊരുക്കിയും ശ്രദ്ധ പിടിച്ചു പറ്റി. ചിലിക്കെതിരെ നിര്‍ണായക ഗോള്‍ കൂടി നേടിയതോടെ കോച്ച് ദുംഗയുടെ വിശ്വസ്തരുടെ നിരയിലായി റോബര്‍ട്ടോ ഫിര്‍മിനോയും.
യുവതാരങ്ങളുടെ പ്രകടനം തൃപ്തികരമാണ്. ലോകകപ്പ് ദുരന്തം വളരെ പെട്ടെന്ന് തന്നെ താരങ്ങള്‍ മറന്നിരിക്കുന്നു. പുതിയൊരു തുടക്കമാണ് ഓരോരുത്തരുടെയും മനസില്‍. തീരുമാനിച്ചുറപ്പിച്ചാണ് ബ്രസീല്‍ താരങ്ങള്‍ ഓരോ മത്സരത്തിനും ഇറങ്ങുന്നത്. അതിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നു – ദുംഗ പറഞ്ഞു.
കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കത്തിലാണ് ബ്രസീലുള്‍പ്പടെയുള്ള ലാറ്റിനമേരിക്കന്‍ ടീമുകള്‍. ചിലിയില്‍ നടക്കുന്ന ടൂര്‍ണമെന്റ് ജൂണില്‍ കിക്കോഫാകും. ജൂണ്‍ പതിനാലിന് പെറുവിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം. എട്ട് തവണ കപ്പുയര്‍ത്തിയ ബ്രസീല്‍ തുടര്‍ ജയങ്ങളോടെ ഫേവറിറ്റ് നിരയിലേക്കുയര്‍ന്നിരിക്കുന്നു. കോപ അമേരിക്കക്ക് മുന്നോടിയായി ബ്രസീലിന്റെ അവസാന രാജ്യാന്തര മത്സരമായിരുന്നു ചിലിക്കെതിരെ. തുടര്‍ച്ചയായ തോല്‍വികള്‍ ചിലി കോച്ച് ജോര്‍ജ് സാംപോളിയെ അങ്ങേയറ്റം നിരാശപ്പെടുത്തുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചിലി തോറ്റിരുന്നു.

ദുംഗയുടെ രണ്ടാം വരവില്‍ ബ്രസീലിന്റെ ജയം
സെപ്തംബര്‍ 6, 1-0 കൊളംബിയ
സെപ്തംബര്‍ 10, 1-0 ഇക്വഡോര്‍
ഒക്‌ടോബര്‍ 11, 2-0 അര്‍ജന്റീന
ഒക്‌ടോബര്‍ 14, 4-0 ജപ്പാന്‍
നവംബര്‍ 12, 4-0 തുര്‍ക്കി
നവംബര്‍ 18, 2-1 ആസ്ത്രിയ
മാര്‍ച്ച് 26, 3-1 ഫ്രാന്‍സ്
മാര്‍ച്ച് 29, 1-0 ചിലി