കൊച്ചി സ്മാര്‍ട് സിറ്റി ഉദ്ഘാടനം ജൂണില്‍

Posted on: March 31, 2015 12:14 am | Last updated: March 31, 2015 at 9:14 am
SHARE

Smart_City_kochiദുബൈ: കൊച്ചി സ്മാര്‍ട് സിറ്റി ഒന്നാം ഘട്ട നിര്‍മാണം ജൂണ്‍ ആദ്യ വാരം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉദ്ഘാടനച്ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി ദുബൈയില്‍ പറഞ്ഞു. ഇന്നലെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന കൂടിക്കാഴ്ചയില്‍ ശൈഖ് മുഹമ്മദിനെ ക്ഷണിച്ചു. അനുകൂല മറുപടിയാണ് ലഭിച്ചത്. ജൂണ്‍ രണ്ടാം വാരത്തോടെ എത്തുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയത്. എം എ യൂസുഫലി കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം ആരംഭിക്കും. ഒന്നാം ഘട്ടത്തില്‍ 5,000 പേര്‍ക്കാണ് തൊഴില്‍ സാധ്യത. രണ്ടാം ഘട്ടത്തില്‍ 4,000 പേര്‍ക്കും നേരിട്ട് തൊഴില്‍ ലഭിക്കും. 2020 ഓടെ സ്മാര്‍ട് സിറ്റി പൂര്‍ണ സജ്ജമാകും. ഏതാണ്ട് 90,000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.