യമന്‍ പ്രതിസന്ധി: അറബ് ലീഗ് ഇടപെടുന്നു

Posted on: March 29, 2015 12:46 am | Last updated: March 29, 2015 at 10:47 am
SHARE

map-of-yemenകൈറോ: യമനില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് അറബ് ലീഗ് നേതാക്കള്‍ ഈജിപ്തില്‍ ചര്‍ച്ച നടത്തി. 21 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അറബ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിക്ക് വന്‍ സുരക്ഷയാണ് ഈജിപ്ത് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യയിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് വേണ്ടി ഒരു സഖ്യസൈന്യത്തിന്റെ രൂപവത്കരണം ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നാം ദിവസവും തുടര്‍ച്ചയായി ഹൂതികളുടെ ശക്തി കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ വ്യോമാക്രമണം സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തുടരുന്നതിനിടെയാണ് അറബ് ഉച്ചകോടി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 24 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. ഇതോടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട മൊത്തം ആളുകളുടെ എണ്ണം 45 ആയി ഉയര്‍ന്നു. അതേസമയം, ഹൂതി വിമതരോട് കൂറ് പുലര്‍ത്തുന്നവരോ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹിയുടെ അടുത്ത അനുയായികളോ ആയ 80ലധികം പേര്‍ വ്യോമാക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന് യമന്‍ സുരക്ഷാ വിഭാഗം അറിയിച്ചു. 30 വര്‍ഷത്തിലധികം രാജ്യം ഭരിച്ച സ്വലാഹിയുടെ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം സന്‍ആയിലേക്ക് രക്ഷപ്പെട്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. യുദ്ധത്തിനിടെ സംഭവിച്ച നാശനഷ്ടങ്ങളെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം, കൊല്ലപ്പെട്ടവരില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ സ്ഥിരീകരിച്ചു. യുദ്ധ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളെ സുരക്ഷയുടെ പേരില്‍ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്.

ഹൂത്തികള്‍ ഇറാന്റെ മരപ്പാവകള്‍: ഹാദി
കൈറോ: യമനില്‍ നിലവിലെ കുഴപ്പങ്ങള്‍ക്ക് കാരണക്കാരായ ഹൂത്തി വിമതരുടെ പിറകില്‍ ഇറാനാണെന്ന് യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി. ഈജിപ്തില്‍ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യമനിന്റെ രാഷ്ട്രീയഭാവി തകര്‍ത്തവരാണ് ഹൂത്തികള്‍. അവര്‍ ഇറാന്റെ മരപ്പാവകളാണെന്നും പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ യമനില്‍ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായമോ അവര്‍ക്ക് പരശീലനമോ തങ്ങള്‍ നല്‍കുന്നില്ലെന്ന് നേരത്തെ തന്നെ ഇറാന്‍ വ്യക്തമാക്കയിട്ടുണ്ട്. ഇത് ചില പാശ്ചാത്യരുടെയും യമനിലെ ചില ഉദ്യോഗസ്ഥരുടെയും ആരോപണങ്ങള്‍ മാത്രമാണെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.