കെ എസ് ആര്‍ ടി സി ബസുകളുടെ സീറ്റ് വൃത്തിയാക്കിയില്ലെങ്കില്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: March 28, 2015 5:26 am | Last updated: March 27, 2015 at 11:26 pm
SHARE

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകളുടെ സീറ്റും മറ്റും വൃത്തിയാക്കാന്‍ നിയോഗിച്ചിരിക്കുന്നവര്‍ ശരിയായി ജോലി ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. ഇത്തരം ജോലികളില്‍ മേല്‍നോട്ടം വഹിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
പത്രപ്രവര്‍ത്തകന്‍ യൂസുഫ് അന്‍സാരി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ജോലിയുടെ ആവശ്യവുമായി തിരുവനന്തപുരത്തേക്ക് ബസില്‍ യാത്ര ചെയ്യാറുണ്ടെന്നും സീറ്റിലിരുന്നാല്‍ ഷര്‍ട്ടിന്റെ പിന്‍ഭാഗവും മുണ്ടിന്റെ പകുതിയും ചെളി പിടിച്ച് അഴുക്കാകുമെന്നും പരാതിയില്‍ പറയുന്നു. കംട്രോളിംഗ് ഇന്‍സ്‌പെക്ടറെ കണ്ട് പരാതി പറഞ്ഞപ്പോള്‍ പരാതി പുസ്തകത്തില്‍ എഴുതാനായിരുന്നു നിര്‍ദേശം.
സര്‍വീസ് നടത്തുന്ന ബസുകളുടെ സീറ്റുകള്‍ വൃത്തിയാക്കേണ്ടതാണെന്ന് ഉത്തരവില്‍ പറയുന്നു.
ശുചിത്വം പാലിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ബാധ്യതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. നടപടിക്രമം കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്ക് അയച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.