മുന്‍ വൈരാഗ്യം മൂലം യുവാവിനെ കൊന്ന കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

Posted on: March 28, 2015 5:14 am | Last updated: March 27, 2015 at 11:15 pm
SHARE

കൊച്ചി: മുന്‍ വൈരാഗ്യം മൂലം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് എറണാകുളം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും അമ്പതിനായിരം രൂപ വീതം പിഴയും വിധിച്ചു. കാഞ്ഞൂര്‍ പാലാട്ടി വീട്ടില്‍ സാബു(35)വിനെ വാക്കത്തി കൊണ്ട് വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആലങ്ങാട് കൊണ്ടോറപ്പള്ളി കറുപ്പത്ത് വീട്ടില്‍ ഹെന്‍ട്രി ജോസ് (35), പട്ടണക്കാട് വെടുത്തേടത്ത് വീട്ടില്‍ സുജിത് (33) എന്നിവരെയാണ് ജഡ്ജി ടി എസ് പി മൂസത് ശിക്ഷിച്ചത്.
2011 ഒക്‌ടോബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. ഗൂഢാലോചന നടത്തി പ്രതികള്‍ മോട്ടോര്‍ സൈക്കിളിലെത്തി റോഡരികില്‍ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന സാബുവിനെ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ദൃക്‌സാക്ഷി മൊഴി വിശ്വസനീയമാണെന്ന് കോടതി കണ്ടെത്തി. മൂന്ന് ദൃക്‌സാക്ഷികള്‍ കേസില്‍ ഉണ്ടായിരുന്നു. 36 മറ്റ് സാക്ഷികളും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഹമ്മദ് ഹാജരായി.