ഫ്രാന്‍സിലെ വിമാനാപകടം: സഹ പൈലറ്റ് മനോരോഗത്തിന് ചികിത്സയിലായിരുന്നെന്ന് റിപ്പോര്‍ട്ട്

Posted on: March 28, 2015 5:57 am | Last updated: March 27, 2015 at 10:57 pm
SHARE

പാരീസ്: ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിംഗ്‌സ് വിമാനത്തിന്റെ സഹ പൈലറ്റ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്.
സഹ പൈലറ്റ് ലുബിറ്റ്‌സ് 2009 മുതല്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സ നടത്തിവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജര്‍മന്‍ വ്യോമഗതാഗത വിഭാഗത്തില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. ഇയാള്‍ പൈലറ്റ് ട്രെയിനിംഗ് കാലഘട്ടത്തില്‍ സസ്‌പെന്‍ഷന് വിധേയമായിട്ടുണ്ട്. പിന്നീടാണ് ഇയാള്‍ പരിശീലനം പൂര്‍ത്തിയാക്കിയതും വൈമാനികനാകാനുള്ള യോഗ്യത നേടിയതും.
പൈലറ്റിനെ കോക്പിറ്റില്‍ നിന്ന് പുറത്താക്കിയ സഹപൈലറ്റായിരുന്നു ദുരന്തം നടന്ന സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിമാനം സഹപൈലറ്റ് ബോധപൂര്‍വം ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചത്. കോക്പിറ്റില്‍ നിന്ന് പുറത്തിറങ്ങിയ പൈലറ്റ് തിരിച്ചുകയറാന്‍ ശ്രമിച്ചെങ്കിലും സഹപൈലറ്റ് അനുവദിച്ചില്ല. ഇയാള്‍ പൈലറ്റിന് വാതില്‍ തുറന്നുകൊടുക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് ബ്ലാക് ബോക്‌സില്‍ നിന്ന് ലഭിച്ച സൂചനകള്‍ വ്യക്തമാക്കുന്നത്. വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് 150 പേരാണ് കൊല്ലപ്പെട്ടത്.