ശൈശവ വിവാഹം: കര്‍ശന നടപടി സ്വീകരിക്കും

Posted on: March 27, 2015 10:32 am | Last updated: March 27, 2015 at 10:32 am
SHARE

മലപ്പുറം: ജില്ലയില്‍ ശൈശവ വിവാഹം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ശൈശവ വിവാഹ നിരോധന നിയമം ശക്തമായി നടപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈല്‍ഡ് ലൈന്‍ ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ഇത്തരം വിവാഹങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ കലക്ടര്‍ക്ക് നേരിട്ടോ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ 1098 ലോ നിര്‍ബന്ധമായും അറിയിക്കണം. ഇത്തരത്തിലുള്ള ശൈശവ വിവാഹങ്ങള്‍ നിരീക്ഷിക്കാന്‍ ഷാഡോ പോലീസിനെ നിയമിക്കാനും തീരുമാനിച്ചു. മധ്യവേനലവധിക്കാലത്ത് ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഡി ടി പി സിക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും ‘സ്വച്ഛ് ഭാരത് മിഷന്‍’ന്റെ ഫണ്ട് ഉപയോഗിച്ച് ശിശു സൗഹൃദ ടൊയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്‍ നടപടി സ്വീകരിക്കും. കുട്ടികള്‍ക്ക് സ്വയം സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ ‘കൈപ്പുസ്തകം’ ചൈല്‍ഡ് ലൈന്‍ തയ്യാറാക്കി വിതരണം ചെയ്യും. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് വിമുഖത കാണിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. 18 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ വാഹനമോടിക്കുന്നത് തടയാന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്താന്‍ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.