Connect with us

Malappuram

മലപ്പുറം നഗരസഭയില്‍ ഇനി ശുദ്ധജലം

Published

|

Last Updated

മലപ്പുറം: നഗരസഭയുടെ ശുദ്ധജല വിതരണ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം നഗരകാര്യ-ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വഹിച്ചു. പി ഉബൈദുല്ല എം എല്‍ എ. അധ്യക്ഷത വഹിച്ചു.
പുതിയ പദ്ധതി പ്രകാരം ആളോഹരി 135 ലിറ്റര്‍ ശുദ്ധജലം ലഭ്യമാകും. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പുറമെ 1000ത്തോളം പുതിയ ഉപഭോക്താക്കള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. കടലുണ്ടി പുഴയാണ് പദ്ധതിയുടെ സ്രോതസ്. ചാമക്കയം കിണറിന്റെ സമീപത്തായി കോണ്‍ക്രീറ്റ് തടയണ നിര്‍മിച്ചതിനാല്‍ വേനല്‍ക്കാലത്ത് പോലും ജല ലഭ്യത ഉറപ്പാകും.
നിലവില്‍ പദ്ധതിക്കാവശ്യമായ വെള്ളം ശേഖരിക്കുന്ന മണ്ണാര്‍ക്കുണ്ട്, നാമ്പ്രാണി, ചാമക്കയം കിണറുകളിലെയും ക്ലിയര്‍ വാട്ടര്‍ പമ്പ് ഹൗസുകളിലെയും പമ്പ് സെറ്റുകള്‍ മാറ്റി സ്ഥാപിച്ചു. പുതിയ മൂന്ന് ജലസംഭരണികള്‍, നാമ്പ്രാണി പമ്പിങ് സ്റ്റേഷനില്‍ നിന്നും ഓഫീസ് കോമ്പൗണ്ട് പ്ലാന്റിലേക്ക് പുതുതായി 1.80 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ് ലൈന്‍, ഗുണ നിലവാരം വര്‍ധിപ്പിക്കുന്നതിനായി ശുദ്ധീകരണ ശാലയില്‍ എം എല്‍ ഡി ക്ലാരിഫയര്‍, അഞ്ച് ലക്ഷം ലിറ്ററിന്റെ പുതിയ ജല സംഭരണി, ചാമക്കയത്ത് ജലശുദ്ധീകരണശാല എന്നിവയും സ്ഥാപിച്ചു.
നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് വിതരണ ശൃംഖല വിപുലീകരിക്കുകയും പമ്പ് ഹൗസുകളിലും ജലസംഭരണശാലകളിലും പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തി. ജലവിതരണം സുഗമമാക്കുന്നതിനായി വൈദ്യുതി ലഭ്യമാക്കുന്നതിന് നടപടികളും സ്വീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ സംസാരിച്ചു.