ആസൂത്രണത്തിലെ പിഴവ്: ജലഅതോറിറ്റിക്ക് 4.67 കോടി നഷ്ടം

Posted on: March 27, 2015 5:21 am | Last updated: March 27, 2015 at 12:23 am
SHARE

തിരുവനന്തപുരം: സംസ്ഥാന ജല അതോറിറ്റിയുടെ ആസൂത്രണ പിഴവ് മൂലം സര്‍ക്കാറിന് നഷ്ടമായത് 4.67 കോടി രൂപ. പദ്ധതി നടത്തിപ്പിന് റെയില്‍വേ തടസ്സം അറിയിച്ചിട്ടും ഗൗനിക്കാതെയുള്ള ജല അതോറ്റിയുടെ നടപടിയാണ് സര്‍ക്കാര്‍ അനുവദിച്ച 4.67 കോടി രൂപ ജലരേഖ മാത്രമാക്കി മാറ്റിയത്. കുടിവെള്ള ക്ഷാമം നേരിടുന്ന തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തി, നെടുംപുരം എന്നീ ഗ്രാമങ്ങളെ പ്രശ്‌ന ബാധിത ഗ്രാമങ്ങളായി കണ്ടെത്തി ഇവിടേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിക്കാണ് ജല അതോറിറ്റി രൂപം നല്‍കിയത്. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ 8.95 കോടി രൂപ ചെലവിലുള്ള ബൃഹത് പദ്ധതിയാണ് ആസൂത്രണം ചെയ്തത്.

പദ്ധതിക്കുള്ള വെള്ളം ഭാരതപ്പുഴയില്‍ മച്ചേരിക്കടവില്‍ നിന്നെടുത്ത് 500 മീറ്റര്‍ അകലെയുള്ള ചെറുതുരുത്തി റെയില്‍വേ പാലത്തിനടുത്ത് എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ റെയില്‍വേയുടെ കൈവശമുള്ള ഒരു വസ്തുവിന്റെയും 15 മീറ്ററിനുള്ളില്‍ യാതൊരുവിധ ക്രോസിംഗും റെയില്‍വേ നിയമ പ്രകാരം അനുവദിക്കില്ലെന്ന് റെയില്‍വേ തന്നെ ജല അതോറിറ്റിയെ അറിയിച്ചിരുന്നു. ഇതു വകവെക്കാതെയാണ് ജല അതോറിറ്റി പദ്ധതിയുമായി മുന്നോട്ട് പോയത്. പദ്ധതി ആസൂത്രണം ചെയ്ത ശേഷം ജല അതോറിറ്റി 2.37 കോടി രൂപ ചെലവാക്കി പദ്ധതിയുടെ 40 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയാക്കി.
പിന്നീട് ഉയര്‍ന്ന പലിശ നിരക്കും സര്‍ക്കാര്‍ ഗ്യാരന്റി ഉറപ്പാക്കുന്നതിലെ ബുദ്ധിമുട്ടും കാരണം ജല അതോറിറ്റി ഇന്‍ഷ്വറന്‍സ് കോര്‍പറേഷനില്‍ നിന്ന് വായ്പയെടുക്കുന്നത് നിര്‍ത്തലാക്കി. പ്രതിദിനം നാല് മില്യണ്‍ ലിറ്റര്‍ ശേഷിയുള്ള ശുദ്ധീകരണ പ്ലാന്റ്, ഭൂതല ജലസംഭരണി, ചുറ്റുമതില്‍, ജലവിതരണ ശൃംഖലയുടെ ഭാഗം എന്നിവ പ്രധാനപ്പെട്ട പൂര്‍ത്തിയാകാത്ത പണികളായിരുന്നു. ഈ പണികള്‍ പിന്നീട് നാഷനല്‍ ബേങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ജല അതോറിറ്റി 2008 ല്‍ സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ കുടിവെള്ള പദ്ധതിക്ക് സര്‍ക്കാര്‍ 8.14 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയായിരുന്നു.
രണ്ട് പാക്കേജുകളായി തിരിച്ചാണ് പദ്ധതി നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഒന്നാമത്തെ പാക്കേജില്‍ അതിരപ്പറമ്പിലെ നാല് എം എല്‍ ഡി ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണവും പ്രവര്‍ത്തിപ്പിക്കലും 10.42 ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭ സംഭരണിയും ചുറ്റുമതിലുമാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാമത്തെ പാക്കേജില്‍ 50 മീറ്റര്‍ റെയില്‍വേ ലൈനിന്റെ കുറുകെയുള്ള മേല്‍പ്പാലത്തിലൂടെയുള്ള നിര്‍മാണം ഉള്‍പ്പെടെ പല വലിപ്പത്തിലുള്ള ജലവിതരണ ശൃംഖലകള്‍ വാങ്ങി സ്ഥാപിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള പണികളായിരുന്നു. ഇത് അറിയിച്ചപ്പോള്‍തന്നെ റെയില്‍വേ അനുമതി നിഷേധിക്കുകയായിരുന്നു എന്നിട്ടും പാക്കേജ് ഒന്നിന്റെ പണി 3.74 കോടിക്കും പാക്കേജ് രണ്ടിന്റെ പണി 3.59 കോടിക്കും ജല അതോറിറ്റി കരാര്‍ നല്‍കുകയായിരുന്നു.
രണ്ട് പാക്കേജുകളും പൂര്‍ത്തീകരിക്കുന്നതിനുള്ള പരമാവധി കാലാവധി യഥാക്രമം സെപ്തംബര്‍ 2011നും മാര്‍ച്ച് 2010ഉം ആയിരുന്നു. എന്നാല്‍ പാക്കേജ് ഒന്നില്‍ ജലശുദ്ധീകരണ പ്ലാന്റ് പൂര്‍ത്തിയാക്കുന്നതിനായി ബാക്കിയുള്ള പത്ത് ശതമാനം ജോലികളും 2014 ഒക്‌ടോബര്‍ വരെയും പൂര്‍ത്തീകരിച്ചില്ല. പാക്കേജ് രണ്ടില്‍ ചെറുതുരുത്തി റെയില്‍വേ മേല്‍പ്പാലംവഴി കടന്നുപോകേണ്ട ജലവിതരണ ലൈനുകളുടെ ഭാഗവും ഈ കായളവുവരെ പൂര്‍ത്തിയാക്കിയില്ല. തുടര്‍ന്ന് പാക്കേജ് ഒന്നിന്റെ പൂര്‍ത്തികരണ കാലാവധി 2014 ഡിസംബര്‍ വരെ പുതുക്കി നിശ്ചയിച്ചു.
എന്നാല്‍ പാക്കേജ് രണ്ട് റെയില്‍വേയുടെ അനുമതി കിട്ടാത്തതു കാരണം 2011 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ചെറുതുരുത്തിയിലെ മേല്‍പ്പാലംവഴി ജലവിതരണ കുഴലുകള്‍ സ്ഥാപിക്കുന്നതിന് ജല അതോറിറ്റി 2010ലും 2012ലും റെയില്‍വേയുടെ അനുമതി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. റെയില്‍വേ പാളങ്ങളുടെ അടിയില്‍കൂടി പൈപ്പുകള്‍ സ്ഥാപിക്കുന്ന പുഷ് ജാക്ക് രീതിയും റെയില്‍വേ ശ്രമിച്ചെങ്കിലും നടന്നില്ല. മേല്‍പ്പാലത്തിലെ കാല്‍നടപ്പാത വഴി ജലവിതരണ പൈപ്പുകള്‍ സ്ഥാപിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. 2008 ആഗസ്റ്റില്‍ തന്നെ റെയില്‍വേയുടെ അനുമതി നിഷേധിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ജല അതോറിറ്റി 2010 മേയിലും മാര്‍ച്ച് 2009ലും ഒന്നും രണ്ടും പാക്കേജുകളുമായി മുന്നോട്ടുപോകുകയായിരുന്നു.
കുടിവെള്ള പദ്ധതി ആവിഷ്‌കരിക്കുന്നതില്‍ ആസൂത്രണത്തിലെ പാക്കേജ് ഒന്നിന് അനുവദിച്ച തുകയില്‍നിന്നും 1.68 കോടിയും പാക്കേജ് രണ്ടില്‍നിന്നും 2.99 കോടിയുമായി ആകെ 4.67കോടി നിഷ്ഫലമായി മാറുകയും രണ്ട് ഗ്രാമങ്ങളുടെ കുടിവെള്ള സ്വപ്‌നം സാക്ഷാത്കരിക്കാതെ പോകുകയും ചെയ്തു.