ആണവകരാറിലെത്തുന്ന വിഷയം സംശയാസ്പദമെന്ന് ഇറാന്‍ ആണവവിഭാഗം മേധാവി

Posted on: March 27, 2015 6:00 am | Last updated: March 27, 2015 at 12:20 am
SHARE

RTXZDG5തെഹ്‌റാന്‍: പാശ്ചാത്യന്‍ രാജ്യങ്ങളുമായി ആണവകരാറിലെത്തുന്ന കാര്യം സംശയാസ്പദമാണെന്ന് ഇറാന്‍ ആണവവിഭാഗം മേധാവി അലി അക്ബര്‍ സ്വലാഹി. ഈ മാസം 31 ആണ് ആണവകരാറിലെത്തുന്നതിനുള്ള അന്തിമ സമയം. ഈ വിഷയത്തില്‍ ഇറാനും പാശ്ചാത്യന്‍ രാജ്യങ്ങളും ചര്‍ച്ച തുടരുകയാണ്. 18 മാസത്തോളം ഇതുസംബന്ധിച്ച ചര്‍ച്ചകളില്‍ ഇറാനും പാശ്ചാത്യ രാജ്യങ്ങളും പങ്കാളികളായിട്ടുണ്ട്. ഇറാനുമായി ആണവകരാറിലെത്തുന്നതിനെ നേരത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ശക്തമായി വിമര്‍ശിച്ചിരുന്നു. തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണ് ഇറാന്‍ എന്നും ഇപ്പോള്‍ ഉദ്ദേശിക്കുന്ന ആണവ കരാര്‍ ആ രാജ്യത്തെ പടിപടിയായി ആണവ ശക്തിയാക്കിത്തീര്‍ക്കുമെന്നും ഇസ്‌റാഈല്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ചകളുമായി മുന്നോട്ടുപോകുന്നത്. പത്ത് വര്‍ഷത്തേക്കെങ്കിലും ഇറാനെ ആണവ പരിപാടികളില്‍ നിന്ന് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യമാണ് അമേരിക്കക്കുള്ളത്. എന്നാല്‍ കരാറില്‍ അംഗീകരിക്കാനാകാത്ത കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അതില്‍ നിന്ന് പിന്മാറുമെന്ന് നേരത്തെ ഇറാനും ഭീഷണി മുഴക്കിയിരുന്നു.