ബീഫ് നിരോധം: മഹാരാഷ്ട്രയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Posted on: March 27, 2015 5:34 am | Last updated: March 26, 2015 at 11:34 pm
SHARE

മുംബൈ: മഹാരാഷ്ട്രയില്‍ മാട്ടിറച്ചി നിരോധിച്ചതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. പശുക്കിടാവിനെ കശാപ്പ് ചെയ്ത കേസില്‍ മൂന്ന് പേര്‍ക്കെതിരെ നാസിക്കില്‍ കേസെടുത്തു. മുപ്പത്തിയയ്യായിരം രൂപ വില വരുന്ന 150 കിലോഗ്രാം ഇറച്ചി ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ഒളിവിലുള്ള ആസിഫ് തലാത്തി, ഹമീദ്, റശീദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
മഹാരാഷ്ട്രയിലെ മൃഗ സംരക്ഷണ നിയമം (ഭേദഗതി) നിയമപ്രകാരം കാള, പശു എന്നിവയെ കശാപ്പ് ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 1995ലെ ശിവസേന- ബി ജെ പി ഭരണകാലത്ത് കൊണ്ടുവന്ന ബില്ലിന് ഈ മാസം മൂന്നിനാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്. പോത്തുകളെയും എരുമകളെയും കശാപ്പ് ചെയ്യുന്നതിന് അനുവാദമുണ്ട്. സംസ്ഥാനത്തെ മൊത്തം മാട്ടിറച്ചി വില്‍പ്പനയില്‍ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് പോത്ത്, എരുമ ഇറച്ചി വരുന്നത്.