Connect with us

Articles

ആള്‍ പ്രമോഷന്‍ നമുക്ക് അവസാനിപ്പിക്കാം

Published

|

Last Updated

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലത്തിലേക്ക് വീണ്ടും ശ്രദ്ധ പതിയാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാ തവണയുമത് എസ് എസ് എല്‍സി പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷമാണ് ആരംഭിക്കാറ്. എന്നാല്‍, ഇത്തവണ എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളെന്താണ് എന്ന ചോദ്യം മുന്‍കൂര്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. അതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം “റെക്കോഡ്” വേഗതയില്‍ ഫലപ്രഖ്യാപനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് കാട്ടുന്ന വ്യഗ്രത തന്നെ. മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 10ന് എസ് എസ് എല്‍ സി ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനമത്രേ.
സ്വാഭാവിക ഗതിയില്‍ ചിന്തിച്ചാല്‍ ഇതൊക്കെ സംശയാസ്പദമാണ്. എന്തുകൊണ്ടെന്നാല്‍, പത്ത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന കേന്ദ്രീകൃത വാല്യേഷനില്‍ വളരെ വേഗതയില്‍ കടലാസുകള്‍ പരിശോധിച്ച്, ഗ്രേഡ് രേഖപ്പെടുത്തി, ടാബുലേഷന്‍ പൂര്‍ത്തീകരിച്ച് നാലര ലക്ഷം വിദ്യാര്‍ഥികളുടെ ഫലം പ്രഖ്യാപിക്കുക എന്ന ദൗത്യം നിസ്സാരമല്ലയെന്നത് തന്നെ. പുതിയ സാഹചര്യത്തില്‍ വളരെ വളരെ ഉദാരമായ സമീപനം പരിശോധകര്‍ സ്വീകരിക്കേണ്ടി വരില്ലേ? അങ്ങനെ വന്നാല്‍ അതെത്രത്തോളം ഫലപ്രാപ്തിയുണ്ടാക്കും?
പത്താം തരം മൂല്യനിര്‍ണയത്തിന് ഒന്നര മാസക്കാലം തികയാതെ വന്ന ഒരു കാലമുണ്ടായിരുന്നു. അന്നു പോലും ഒരുപാട് പിഴവുകള്‍ വന്നു ഭവിക്കാറുണ്ട്. എത്ര ശ്രദ്ധയോടെ ചെയ്യുമ്പോഴും സൂക്ഷ്മമായ മൂല്യനിര്‍ണയം ഒരു കടമ്പ തന്നെയാണ്.
ശ്രദ്ധാപൂര്‍വം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാന്‍ സമയം ആവശ്യമാണ്. ഫലം മുന്‍കൂട്ടി നിശ്ചയിക്കുന്ന സ്ഥിതി വന്നാല്‍ അതൊരു പ്രശ്‌നമാകില്ല. എത്ര ശതമാനം വിജയമാണ് ഈ വര്‍ഷം വേണ്ടതെന്ന് സെക്രട്ടേറിയറ്റില്‍ വല്ല തീരുമാനവും രഹസ്യമായി എടുത്തിട്ടുണ്ടോ?
ഇല്ലായെന്ന് ഉറപ്പിച്ചു പറയാന്‍ വരട്ടെ. അല്ലെങ്കില്‍ എന്തിനാണ് ഇത്തവണ “പെന്‍സില്‍ പ്രയോഗം” നടത്താന്‍ തീരുമാനിച്ചത്. ഉത്തരക്കടലാസുകള്‍ പരിശോധിച്ച് ചുവന്ന മഷി കൊണ്ട് മാര്‍ക്ക് ചെയ്യുന്ന സമ്പ്രദായമാണ് ഉദാര മൂല്യനിര്‍ണയം വന്നപ്പോള്‍ പോലും അനുവര്‍ത്തിച്ച് പോന്നത്. എന്നാല്‍ അത് അവസാനിപ്പിച്ചു പെന്‍സില്‍ മാര്‍ക്കിംഗ് നടത്താന്‍ തീരുമാനിച്ചാല്‍, ഏത് ഘട്ടത്തിലും ഉത്തരക്കടലാസ്സിലെ മാര്‍ക്ക് തിരുത്താന്‍ ഇന്‍വിജിലേറ്റര്‍ മാര്‍ക്ക് അവസരം കൊടുക്കുന്നതുപോലെയാകില്ലേ? റീ-വാല്യുവേഷന്‍ വേണ്ടി വരുമ്പോള്‍, തിരുത്താന്‍ പെന്‍സില്‍ മാര്‍ക്കിംഗ് ഉപകരിക്കുമത്രേ! കഴിഞ്ഞ പതിറ്റാണ്ടു കാലമില്ലാതിരുന്ന ഒരു പുതിയ പ്രശ്‌നമാണിത്.
വേഗതയും പെന്‍സിലുമാണ് ഇത്തവണത്തെ എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തെ ചോദ്യപ്പലകയില്‍ നിര്‍ത്തുന്നത്. എന്നു മാത്രമല്ല, കഴിഞ്ഞ വര്‍ഷങ്ങളിലെ ഉദാര പരിശോധനയും മാര്‍ക്ക് ദാനവും കൃത്രിമമായി വളര്‍ത്തിയ വിജയ ശതമാനവും ബൗദ്ധിക കേരളത്തിന്റെ വിമര്‍ശങ്ങള്‍ക്ക് പാത്രമായിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. അങ്ങനെ നോക്കുമ്പോള്‍ ഇത്തവണ സര്‍ക്കാര്‍ എന്തിനുള്ള പുറപ്പാടാണ് നടത്തുന്നത്?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ “ആള്‍ പ്രമോഷന്‍” തന്നെയാണ് ഉന്നമാക്കുന്നതെന്ന് കാണാം. എസ് എസ് എല്‍ സിയില്‍ നൂറ് ശതമാനം വിജയം പ്രഖ്യാപിച്ച് റെക്കോഡിടാനാണോ വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്? അതിനായി, ഇതിനകം ഉദാരമായിക്കഴിഞ്ഞ പരീക്ഷാ മൂല്യനിര്‍ണയത്തെ വീണ്ടും അപഹാസ്യമാംവിധം ഉദാരമാക്കിയാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയനാകമായിരിക്കും. “ആള്‍ പ്രമോഷന്‍” എന്ന നയം എന്നേ പുനഃപരിശോധിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, അതിന് കേരളം മാറി മാറി ഭരിച്ചവര്‍ തയ്യാറായില്ല എന്നു മാത്രമല്ല, അക്ഷരം അറിയില്ലെങ്കിലും ക്ലാസ് കയറ്റം നല്‍കി പറഞ്ഞു വിടുക എന്ന തികച്ചും അരാജക വിദ്യാഭ്യാസ നയമാണ് പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷമെങ്കിലും ആള്‍ പ്രമോഷന്‍ സമ്പ്രദായം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ആശകള്‍ “റബ്ബ്” കൊത്തിപ്പോകുമോ?
അക്കാദമികമായ കാര്യങ്ങളില്‍ രാഷ്ട്രീയ താത്പര്യങ്ങളും ലക്ഷ്യങ്ങളും കടന്നു കൂടിയാല്‍ എന്തൊക്കെ സംഭവിക്കാമോ അതൊക്കെയും സംഭവിച്ചുകഴിഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. അതിന് നാം കനത്ത വില നല്‍കിക്കൊണ്ടിരിക്കുകയുമാണ്. അതില്‍ നിന്നുള്ള മോചനമാണ് സംസ്ഥാന പൊതുവിദ്യാഭ്യാസം കാംക്ഷിക്കുന്നത് എന്ന് മനസ്സിലാക്കി വേണം അധ്യാപകര്‍ ഇത്തവണ മൂല്യനിര്‍ണയ ഹാളുകളില്‍ പോകേണ്ടത്. പരീക്ഷയും ഉത്തരമെഴുത്തും വളരെ നിശ്ചിതമായ അക്കാദമിക പരിശോധനയാണ് എന്ന കാര്യം മറന്നുകൊണ്ട് കുട്ടികള്‍ക്ക് മാര്‍ക്ക് കൊടുക്കാന്‍ അധ്യാപകര്‍ തയ്യാറാകരുത്. ശരിയുത്തരത്തിന് ശരിയായ മാര്‍ക്കും തെറ്റുത്തരത്തിന് തെറ്റ് എന്ന മാര്‍ക്കും ധൈര്യസമേതം നല്‍കണം. അല്ലാതെ അര്‍ഹതയില്ലാത്ത എല്ലാവരേയും വിജയിപ്പിച്ച് പ്ലസ്ടുവിന് അനുവദിച്ച അധിക സീറ്റുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ഉറപ്പാക്കി കൊടുക്കുക എന്ന രാഷ്ട്രീയ അജന്‍ഡക്ക് കരുക്കളാകാന്‍ ബഹുമാന്യ അധ്യാപകര്‍ തയ്യാറായാല്‍ ഫലം പഴയതു തന്നെ ആവര്‍ത്തിക്കും. നമുക്ക് പ്രധാനം വിദ്യാഭ്യാസമാണ്, അതിനായി വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന കര്‍മത്തിലെ ഒരു സുപ്രധാന നടപടിയാണ് മൂല്യനിര്‍ണയമെന്ന ബോധ്യത്തോടെ വേണം ഓരോ പരിശോധകനും പരിശോധകയും ഉത്തരക്കടലാസ്സുകള്‍ കൈയിലെടുക്കാന്‍ എന്ന വിനീതമായ ഉപദേശം പൊതുവിദ്യാഭ്യാസ താല്‍പ്പര്യാര്‍ഥം മുന്നോട്ടുവെക്കട്ടെ.