Connect with us

National

തേനിയിലെ ന്യൂട്രിനോ പരീക്ഷണ പദ്ധതി നിര്‍ത്തിവെക്കണം: മദ്രാസ് ഹൈക്കോടതി

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ തേനിയില്‍ സ്ഥാപിക്കുന്ന ന്യൂട്രിനോ പരീക്ഷണ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി തേടിയ ശേഷം മാത്രം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് കോടതി നിര്‍ദേശം. എം.ഡി.എം.കെ നേതാവ് വൈക്കോടയുടെ ഹര്‍ജിന്മേലാണ് കോടതി നടപടി.
പരിസ്ഥിതിയെയും കൃഷിയെയും പ്രതികൂലമായി ബാധിക്കുന്നതാണ് നിര്‍ദിഷ്ട ഭൂഗര്‍ഭ ന്യൂട്രിനോ പദ്ധതിയെന്നും പശ്ചിമഘട്ടത്തിലെ മലകള്‍ തുരന്ന് വലിയ ടണലുകളുണ്ടാക്കുന്നത് പരിസ്ഥിതിക്കും മലനിരകള്‍ക്കും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ജസ്റ്റിസുമാരായ എസ്.തമിഴ്‌വണ്ണന്‍, വി.എസ് രവി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. തമിഴ് നാട് മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരും തമിഴ്‌നാടും വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.