വാഴകള്‍ക്ക് അജ്ഞാത രോഗം; കര്‍ഷകര്‍ ആശങ്കയില്‍

Posted on: March 26, 2015 10:16 am | Last updated: March 26, 2015 at 10:16 am
SHARE

കോട്ടക്കല്‍: ജില്ലയിലെ വാഴകര്‍ഷകരെ ആശങ്കയിലാക്കി വാഴകളില്‍ അജ്ഞാത രോഗം വ്യാപകമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്, വയനാട് ജില്ലകളില്‍ കണ്ടിരുന്ന രോഗമാണ് ഈയിടെയായി ജില്ലയിലേക്കും പടരുന്നത്. രോഗം പരന്നതോടെ ഒട്ടേറെ വാഴത്തോട്ടങ്ങള്‍ ജില്ലയില്‍ നശിച്ചു. ലോണെടുത്തും കടംവാങ്ങിയും വന്‍തുക ഇറക്കി വാഴകൃഷി നടത്തുന്ന കര്‍ഷകര്‍ രോഗത്തെ പിടിയിലൊതുക്കാനാകാതെ ദുരിതത്തിലാണിപ്പോള്‍.
പാകമെത്തി കുലയിടാനായതും കുലച്ചു തുടങ്ങിയതുമായ വാഴകളിലാണ് രോഗം കാണുന്നത്. വാഴയുടെ മധ്യത്തിലായി കറുപ്പ് കുത്തുകള്‍ വീണ് വ്യാപിക്കുകയും പിന്നീട് വാഴകള്‍ നടുവൊടിഞ്ഞ് വീഴുകയും ചെയ്യുന്നതാണ് രോഗം. കൃഷിവകുപ്പിലാകട്ടെ ഇതിനായി പ്രത്യേക മരുന്നുമില്ല. രോഗമെന്താണ് എന്ന് വകുപ്പിനും പിടികിട്ടാത്തതാണ് പ്രതിരോധമരുന്നിന്ന് തടസമാകുന്നത്. ജില്ലയുടെ മലയോര ഭാഗങ്ങളില്‍ നേരത്തെ ഇത് കണ്ടുതുടങ്ങിയിരുന്നു. ഇപ്പോള്‍ ഏതാണ്ട് ജില്ലയുടെ എല്ലായിടത്തേക്കും വ്യാപിച്ചതായാണ് വിവരം. തുടരെ ഒരേ സ്ഥലത്ത് തന്നെ കൃഷിയിറക്കുന്നതാണ് മുഖ്യകാരണമായി പറയുന്നത്. രാസവളങ്ങളുടെ അമിതപ്രയോഗവും ഇതിനിടായാക്കുന്നതായും ചൂണ്ടിക്കാണിക്കുന്നു. തുടരെ ഒരേയിടത്ത് തന്നെ കൃഷിയിറക്കുമ്പോഴുണ്ടാക്കുന്ന മണ്ണിന്റെ രാസമാറ്റം വാഴയെ ബാധിക്കുന്നതായും പറയപ്പെടുന്നു. അമിത രാസവളപ്രയോഗങ്ങള്‍ കാരണം പ്രതിരോധശേഷി നഷ്ടമാകുന്നതും കാരണമായി പറയുന്നു. രോഗം വ്യാപകമായി തുടങ്ങിയതോടെ വാഴകൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ കര്‍ഷകര്‍ക്കാണ് ഇത് തിരിച്ചടിയായിരിക്കുന്നത്.