Connect with us

Wayanad

കടുവാ സംരക്ഷണ കേന്ദ്രമാക്കുന്നതില്‍ പ്രതിഷേധിച്ച് മസിനഗുഡി പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു

Published

|

Last Updated

ഗൂഡല്ലൂര്‍: ശിങ്കാര, സീഗൂര്‍, ആനക്കട്ടി ഫോറസ്റ്റ് റെയ്ഞ്ചുകള്‍ കടുവാസംരക്ഷണ കേന്ദ്രമാക്കിമാറ്റാനുള്ള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മസിനഗുഡി പഞ്ചായത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയായിരുന്നു ഹര്‍ത്താല്‍. മസിനഗുഡി, മായാര്‍, മാവനല്ല, വാഴത്തോട്ടം, ബൊക്കാപുരം, സീഗൂര്‍, ശിങ്കാര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കടകള്‍ അടഞ്ഞുകിടന്നു. ടാക്‌സി വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തിയില്ല. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. ബസുകളില്‍ യാത്രക്കാര്‍ നന്നേകുറവായിരുന്നു. എല്ലാ ഭാഗങ്ങളിലും കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ശിങ്കാര, സീഗൂര്‍, ആനക്കട്ടി ഫോറസ്റ്റ് റെയ്ഞ്ചുകള്‍ കടുവാസംരക്ഷണ കേന്ദ്രമാക്കിമാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കുക, ഗൂഡല്ലൂര്‍-മൈസൂര്‍ പാതയിലെ രാത്രിയാത്രാനിരോധം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. മുതുമല കടുവാസംരക്ഷണ കേന്ദ്രമാക്കി മാറ്റിയതോടെ തന്നെ മസിനഗുഡി മേഖല കടുത്ത പ്രതിസന്ധിയിലാണുള്ളത്. ജനജീവിതം ദുസ്സഹമാണ്. വ്യാപാര മേഖലക്കും വലിയ തിരിച്ചടിയാണ്. അതിന് പുറമെയാണ് മസിനഗുഡി പഞ്ചായത്തും ഇപ്പോള്‍ കടുവാസംരക്ഷണ കേന്ദ്രമാക്കുന്നത്. സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ജനരോഷം ശക്തമായിട്ടുണ്ട്. കടുവാസംരക്ഷണ കേന്ദ്രമാക്കുന്നതിനെതിരെ തുടര്‍ സമര പരിപാടികളും ജനങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.