സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണത്തിന് ഗോമൂത്രം ഉപയോഗിക്കാന്‍ നിര്‍ദേശം

Posted on: March 25, 2015 11:27 am | Last updated: March 25, 2015 at 10:12 pm
SHARE

cow-urineന്യൂഡല്‍ഹി: സര്‍ക്കാര്‍ ഓഫീസുകളില്‍ ശുചീകരണത്തിനായി ഗോമൂത്രത്തില്‍ നിന്നുള്ള ലായനി ഉപയോഗിക്കാന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദേശം. ഇക്കാര്യം ആവശ്യപ്പെട്ട് മനേക മന്ത്രിസഭാംഗങ്ങള്‍ക്ക് കത്തയച്ചു. ഇപ്പോള്‍ ശുചീകരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന ഫിനൈലിന് പകരം ഗോനൈല്‍ ഉപയോഗിക്കണമെന്നാണ് ആവശ്യം.
പശുമുത്രത്തില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന ഗോനൈല്‍ പരിസ്ഥിതി സൗഹൃദമാണെന്നാണ് മന്ത്രിയുടെ വാദം. ഇതുസംബന്ധിച്ച് മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകള്‍ക്ക് കീഴിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മന്ത്രി ഈ മാസമാദ്യം മന്ത്രിമാര്‍ക്കയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കേന്ദ്രീയ ബന്ദറിന്റെ കീഴിലുള്ള സഹകരണ സ്റ്റോറുകളിലൂടെയായിരിക്കും ഗോനൈല്‍ വിതരണം ചെയ്യുക. ഹോളി കൗ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയാണ് ഗോനൈല്‍ ഉല്‍പാദിപ്പിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ഫിനൈല്‍ മാറ്റി ഘട്ടംഘട്ടമായി ഗോനൈല്‍ ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഗോനൈലിന് ഫിനൈലിനേക്കാള്‍ ശുചീകരണ ശേഷി കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വില കൂടുതലാണെന്നും വിമര്‍ശമുണ്ട്.