ഓണ്‍ലൈന്‍ ചുമതലയുള്ള സ്ഥാപനത്തിലെ ജീവനക്കാരനെ സി ബി ഐ അറസ്റ്റ് ചെയ്തു

Posted on: March 25, 2015 5:03 am | Last updated: March 25, 2015 at 12:03 am
SHARE

കൊച്ചി: 2012ലെ എം ബി എ പൊതുപ്രവേശന പരീക്ഷാ(കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്- ക്യാറ്റ്) ഫലത്തില്‍ തിരിമറി നടത്തിയ 80 പേര്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കിയ കേസില്‍ ഓണ്‍ലൈന്‍ സ്ഥാപനത്തിലെ ജീവനക്കാരനെ സി ബി ഐ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ സ്വദേശിയായ അഫാഖ് ഷെയ്ഖ് ആണ് അറസ്റ്റിലായത്. കോഴിക്കോട് ഐ ഐ എമ്മിനായിരുന്നു 2012ലെ ക്യാറ്റ് പരീക്ഷയുടെ ചുമതല. ഓണ്‍ലൈനായി നടക്കുന്ന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്ന ലക്‌നോ ആസ്ഥാനമായ വെബ് വീവേഴ്‌സ് എന്ന ഏജന്‍സിയുടെ കോഴിക്കോട് ഐ ഐ എമ്മിലെ പ്രതിനിധിയായിരുന്നു അഫാഖ് ഷെയ്ഖ്. പരീക്ഷ നടത്തുന്നതിനും മൂല്യനിര്‍ണയം നടത്തുന്നതിനുമുള്ള ചുമതല അമേരിക്കന്‍ കമ്പനിയായ പ്രോം ടെറിക്കിനായിരുന്നു. വെബ്‌സൈറ്റില്‍ റിഫലം പ്രഖ്യാപിക്കുന്നതിനുളള ചുമതല മാത്രമായിരുന്നു വെബ് വീവേഴ്‌സിന്. 2012 ഒക്‌ടോബര്‍ 11നും നവംബര്‍ 6നുമായി നടന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലമടങ്ങിയ സി ഡി വെബ്‌സൈറ്റില്‍ ഫലം പ്രഖ്യാപിക്കുന്നതിനായി പ്രോംടെറിക്കിന്റെ പ്രതിനിധി വെബ് വീവേഴ്‌സിന്റെ പ്രതിനിധിക്ക് കൈമാറിയതിനെ തുടര്‍ന്നാണ് 80 പേര്‍ക്ക്് തിരിമറിയിലൂടെ മാര്‍ക്ക് കൂട്ടി നല്‍കിയത്.
ഓരോരുത്തരില്‍ നിന്നും ആറ് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ഇതിനായി വാങ്ങിയിരുന്നുവെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ഗുര്‍ഗാവിലെ ഒരു കരിയര്‍ ഗൈഡന്‍സ് സ്ഥാപനത്തിന് വേണ്ടിയാണ് തിരിമറി നടന്നതെന്നതാണ് സൂചന. 2013 ജനുവരി 9നായിരുന്നു ഫലപ്രഖ്യാപനം.
ഫലം പ്രസിദ്ധീകരിച്ച ഘട്ടത്തിലൊന്നും ഇതിലെ കൃത്രിമം ആരും തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ജൂണ്‍ മാസത്തില്‍ കേന്ദ്രമന്ത്രി ശശി തരൂരിന് ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ ക്യാറ്റിന്റെ കണ്‍വീനര്‍ നടത്തിയ പരിശോധനയിലാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ തിരിമറി നടന്നതായി വ്യക്തമായത്. കുന്നമംഗലം പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് വെബ് വീവേഴ്‌സിന്റെ ഐഐഎമ്മിലെ പ്രതിനിധിയായിരുന്ന അഫാക്ക് ഷെയ്ഖ് ഒളിവില്‍ പോയി. തുടര്‍ന്നാണ് അന്വേഷണം സി ബി ഐയെ ഏല്‍പിച്ചത്.
ഒളിവില്‍ പോയ അഫാഖ് ഷെയ്ഖിനെ തന്ത്രപരമായി കൊച്ചിയിലെത്തിച്ചാണ് സി ബി ഐ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കും. ഇയാളുടെ അറസ്‌റ്റോടെ മാര്‍ക്ക് തിരുത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന് വേണ്ടി വാങ്ങിയ പണം ആരുടെയൊക്കെ കൈകളിലെത്തി എന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് സി ബി ഐ വൃത്തങ്ങള്‍ പറഞ്ഞു.
വെബ്‌സൈറ്റിലെ തെറ്റായ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി കോളജുകളില്‍ നടത്തിയ എം ബി എ പ്രവേശനത്തില്‍ തിരിമറിയിലൂടെ കൂടുതല്‍ മാര്‍ക്ക് നേടി മുന്നിലെത്തിയവര്‍ക്ക് അനര്‍ഹമായി പ്രവേശനം ലഭിച്ചതിനെക്കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകും.
അതേസമയം, ക്യാറ്റിന്റെ അടിസ്ഥാനത്തില്‍ ഐ ഐ എമ്മുകളില്‍ നടത്തിയ പ്രവേശനത്തെ ഈ തിരിമറി ബാധിച്ചില്ല. വെബ്‌സൈറ്റില്‍ വന്ന ഫലത്തിന്റെ അടിസ്ഥാനത്തിലല്ല, യഥാര്‍ഥ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഐ ഐ എമ്മുകളില്‍ പ്രവേശനം നടന്നത്.