അനാശ്യാസത്തിന് വിളിച്ചുവരുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാല്‌പേര്‍ അറസറ്റില്‍

Posted on: March 25, 2015 5:02 am | Last updated: March 25, 2015 at 12:02 am
SHARE

കൊച്ചി: അനാശ്യാസത്തിന് പ്രേരിപ്പിച്ച് യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണവും വാഹനവും തട്ടിയെടുത്ത യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
കതൃക്കടവ് സി ബി ഐ റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഏലൂര്‍ ഫാക്ട് ക്വാര്‍ട്ടേഴ്‌സ് നമ്പര്‍-8ല്‍ സീമ(36), ഇവര്‍ക്കൊപ്പം ലിവിംഗ് ടുഗെതര്‍ ജീവിതം നയിക്കുന്ന റാന്നി അയിരൂര്‍ കാഞ്ഞേറ്റുകര മണ്ണക്കുഴിയില്‍ വീട്ടില്‍ ടോം ചാക്കോ(36), ചെങ്ങന്നൂര്‍ കറുകച്ചാല്‍ നെടുങ്ങമ്പിള്ളി ചിറ്റിലപ്പിള്ളി വീട്ടില്‍ ഗോഡ്‌ലിദേവ്(40), റാന്നി ഇടമണ്‍ ചെത്തക്കല്‍ കടത്തുവീട്ടില്‍ ഇടിക്കുള പുന്നൂസ്(27), ചങ്ങനാശ്ശേരി കറുകച്ചാല്‍ നെടുങ്ങാടപ്പിള്ളി ഐക്കരപ്പറമ്പ് വീട്ടില്‍ സുബിന്‍ ജോണ്‍ വര്‍ഗീസ്(22) എന്നിവരെയാണ് നോര്‍ത്ത് സി ഐ പി എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ഒ എല്‍ എക്‌സില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന പരസ്യം നല്‍കിയ മുളന്തുരുത്തി സ്വദേശിയായ യുവാവിനെ സീമ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ബ്ലാക്ക് മെയിലിംഗിന്റെ തുടക്കം. ഫോണിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും യുവാവുമായി നിരന്തരം ബന്ധപ്പെട്ട സീമ ഇയാളെ പ്രലോഭിപ്പിച്ച് കതൃക്കടവിലെ വീട്ടില്‍ കഴിഞ്ഞ ശനിയാഴ്ച വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്വന്തം കാറില്‍ എത്തിയ യുവാവിനെ പ്രതികള്‍ ചേര്‍ന്ന് അഞ്ച് മണിക്കൂറോളം വീടിനുള്ളില്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയും പേഴ്‌സില്‍ നിന്ന് 6500 രൂപ, മൂന്ന് എ ടി എം കാര്‍ഡുകള്‍, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഐഡന്റിറ്റി കാര്‍ഡ്, കാറിന്റെ ആര്‍ സി ബുക്ക് അടക്കമുള്ള രേഖകള്‍ തുടങ്ങിയവ പിടിച്ചുവാങ്ങുകയും ഇയാളുടെ ടൊയോട്ടോ കാര്‍ 1,75,000 രൂപക്ക് വാങ്ങിയതായി എഗ്രിമെന്റുണ്ടാക്കി ഭീഷണിപ്പെടുത്തി ഒപ്പുവെപ്പിച്ചു.
എ ടി എം കാര്‍ഡിന്റെ പാസ്‌വേര്‍ഡ് വാങ്ങിയ ശേഷം കതൃക്കടവിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ എ ടി എമ്മില്‍ നിന്ന് 2500 രൂപ പിന്‍വലിക്കുകയും ചെയ്തു.മര്‍ദനത്തിനും ബ്ലാക്ക്‌മെയിലിംഗിനും കവര്‍ച്ചക്കും ഇരയായ യുവാവ് പിന്നീട് സിറ്റി പോലീസിന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. നോര്‍ത്ത് സി ഐ പി എസ് ഷിജു, എസ് ഐ ചിത്രഭാനു, സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍മാരായ കലേഷ്, ജൂഡ്, രാജേഷ്, സെല്‍വരാജ്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സമാനമായ ചില കേസുകളില്‍ സീമ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇവര്‍ യോഗ അധ്യാപികയാണെന്ന് പോലീസ് പറഞ്ഞു.