Connect with us

Gulf

'ഇന്ത്യ കപ്പുനേടാന്‍ തയ്യാറെടുത്തിട്ടുണ്ട്'

Published

|

Last Updated

“ഏതെങ്കിലും ടീമിനെ പിന്തുണക്കാന്‍, ഐ സി സി ലോകകപ്പ് അംബാസിഡര്‍ എന്ന നിലയില്‍ പരിമിതിയുണ്ട്. എന്നാല്‍, നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ വീണ്ടും ചാമ്പ്യനാകാന്‍ തയ്യാറെടുത്തിരിക്കുന്നു.”- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. ആസ്റ്റര്‍ ഫാര്‍മസി അംബാസിഡറായി ചുമതലയേറ്റ സച്ചിന്‍, ദുബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
യു എ ഇയില്‍ പലപ്പോഴായി വന്നിട്ടുണ്ട്. കഴിഞ്ഞ തവണ ഐ പി എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുമ്പോഴാണ് അവസാനമായി വന്നത്. എപ്പോഴും ഹൃദ്യമായ സ്വീകരണമാണ് ലഭിക്കുന്നത്. ഏറെ അഭിമാനകരമാണത്. ഇപ്പോള്‍ ഡോ. ആസാദ് മൂപ്പന്റെ, ആരോഗ്യ സുരക്ഷാ ശൃംഖലയായ ആസ്റ്ററുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് എത്തിയിരിക്കുന്നത്. മുമ്പ് അനുഭവപ്പെട്ടിട്ടുള്ള അതേ ആവേശം ഇപ്പോഴും കാണാനുണ്ട്. ഡോ. ആസാദ് മൂപ്പനും എനിക്കും ചില കാര്യങ്ങളില്‍ സാമ്യതകളുണ്ട്. 1989ലാണ് ഡോ. ആസാദ് മൂപ്പന്‍ ആദ്യം ക്ലിനിക്ക് തുടങ്ങിയത്. ഞാന്‍ അതേ വര്‍ഷം രാജ്യാന്തര തലത്തില്‍ ക്രിക്കറ്റ് അരങ്ങേറ്റം നടത്തി. ഞാന്‍ എന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കി. ഡോക്ടര്‍ മറ്റുള്ളവരുടെ ആരോഗ്യത്തിന് പ്രാമുഖ്യം നല്‍കുന്നു. എന്റെ മുത്തശി പറയാറുള്ളത് ഓര്‍മവരുന്നു. എന്തു തന്നെ നേടിയാലും ആരോഗ്യമില്ലെങ്കില്‍ കാര്യമില്ല, ആരോഗ്യമാണ് ധനമെന്ന്. എനിക്ക് ഡോക്ടറാകാന്‍ കഴിഞ്ഞില്ലെങ്കിലും വീട്ടില്‍ ഡോക്ടറുണ്ട്. അവര്‍ കുട്ടികളുടെയും മറ്റും ആരോഗ്യം ശ്രദ്ധിക്കുന്നു. ഭാര്യയെ ഉദ്ദേശിച്ചാണ് പറഞ്ഞത്. ഇടക്കിടെ ആരോഗ്യ പരിശോധന നടത്താന്‍ ആളുകളെ ഉദ്‌ബോധിപ്പിക്കാന്‍ ഭാര്യ പറഞ്ഞേല്‍പിച്ചിട്ടുണ്ട്. മാരക രോഗങ്ങള്‍ വരാതിരിക്കാന്‍ പ്രതിരോധമാണ് നല്ലത്. അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വേണം. ഡോക്ടര്‍ ആസാദ് മൂപ്പനുമായി കൈകോര്‍ത്ത് 10 ലക്ഷം കുട്ടികള്‍ക്ക് സഹായം നല്‍കും.
ലോകകപ്പ് ക്രിക്കറ്റില്‍
യു എ ഇ കളിച്ചതിനെക്കുറിച്ച്
യു എ ഇ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു. ക്രിക്കറ്റ് ആഗോളതലത്തിലേക്ക് വ്യാപിക്കുന്നതിനെ പിന്തുണക്കുന്നു. ചൈന മുതല്‍ അമേരിക്കവരെ ക്രിക്കറ്റ് വളരണം. വലിയ ടൂര്‍ണമെന്റുകളുണ്ടാകണം.
കഴിഞ്ഞ ലോകകപ്പിന്റെ ഓര്‍മകള്‍
ഇന്ത്യ അന്നും മികച്ച ടീമായിരുന്നു. ഒരൊറ്റ മനസോടെ ഏവരും പൊരുതി. ഫൈനലിലാണ് തോറ്റത്. അന്ന് പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയ വകയില്‍ സ്വര്‍ണബാറ്റ് കിട്ടിയിരുന്നു. വിമാനത്താവളത്തില്‍ എത്തുന്നതുവരെ അതിനെക്കുറിച്ച് ഓര്‍ത്തില്ല. വിലപിടിപ്പുള്ളതാണ് ലഭിച്ചതെന്ന് പോലും ഓര്‍ക്കാന്‍ കഴിയാത്തത്ര, കൂട്ടായിട്ടായിരുന്നു മടക്കം.
കഴിഞ്ഞ ദിവസം യു എ ഇയില്‍ പൊടിക്കാറ്റായിരുന്നു. 1998ല്‍ ഷാര്‍ജയിലെ പൊടിക്കാറ്റിലാണ് മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്തത്.
അന്ന് പൊടിക്കാറ്റ് ആദ്യ അനുഭവമായിരുന്നു. ആസ്‌ത്രേലിയയായിരുന്നു എതിരാളി. ബാറ്റ് ചെയ്യാനിറങ്ങുമ്പോഴാണ് പൊടിക്കാറ്റ് തുടങ്ങിയത്. ഞാന്‍ അല്‍പം ഭയന്നുപോയി. കാരണം ചെറിയ ശരീരമാണ് എന്റേത്. ആസ്‌ത്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ ക്രിസ്റ്റിനെ കെട്ടിപ്പിടിച്ച് എന്റെ പരിഭ്രമം അറിയിച്ചു. പൊടിക്കാറ്റ് കാരണം കളി അല്‍പ സമയം തടസപ്പെട്ടു. ഞങ്ങളുടെ സ്‌കോര്‍ ലക്ഷ്യം പുനഃനിര്‍ണയിക്കപ്പെട്ടു. അത് കുറച്ചുകൂടി കഠിനമായിരുന്നു. എന്നാല്‍, മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞു. ഇന്ത്യ വിജയകിരീടം ചൂടി.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
തീര്‍ച്ചയായും. ഇന്ത്യയില്‍ എല്ലാവര്‍ക്കും “സന്തോഷം” പകരാന്‍ ഗ്രാമങ്ങളില്‍ വൈദ്യുതി എത്തേണ്ടതിന്റെ പ്രചാരണം നടത്തുന്നു. പല ഗ്രാമങ്ങളിലും വെളിച്ചമില്ല. ഇനി, ആരോഗ്യരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനം നടത്തും. നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ ഡോ. ആസാദ് മൂപ്പനുമായി സഹകരിക്കും.
വാല്‍കഷ്ണം: 1998ല്‍ ഷാര്‍ജയിലേത് ത്രിരാഷ്ട്ര ടൂര്‍ണമെന്റായിരുന്നു. ഇന്ത്യയും ന്യൂസിലാന്റും ആസ്‌ത്രേലിയയുമായിരുന്നു ടീമുകള്‍. എല്ലാ കണ്ണുകളും സച്ചിനിലേക്കായിരുന്നു. ഏപ്രില്‍ 22നായിരുന്നു പൊടിക്കാറ്റ് വീശിയ മത്സരം. ആദ്യം ബാറ്റുചെയ്ത ആസ്‌ത്രേലിയ 50 ഓവറില്‍ ഏഴുവിക്കറ്റിന് 284 റണ്‍സെടുത്തു. ഇന്ത്യയുടെ ലക്ഷ്യം 46 ഓവറില്‍ 249 റണ്‍സായി. സച്ചിന്‍ കൊടുങ്കാറ്റില്‍ (131 പന്തില്‍ 143) ആസ്‌ത്രേലിയ തകര്‍ന്നു. ഏപ്രില്‍ 24ന് ഫൈനലിലും സച്ചിന്‍ തകര്‍ത്താടി. സച്ചിന്‍ 131 പന്തില്‍ 134 റണ്‍സെടുത്തതിന്റെ ബലത്തിലാണ് ഇന്ത്യടൂര്‍ണമെന്റ് ജേതാക്കളായത്. പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റും സച്ചിനായിരുന്നു.

---- facebook comment plugin here -----

Latest