ഐ ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കി

Posted on: March 24, 2015 11:03 am | Last updated: March 25, 2015 at 9:43 am
SHARE

supreme courtന്യൂഡല്‍ഹി: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി നിയമത്തിലെ വിവാദമായ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന മൗലികാവകാശമായ അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തെ 66 എ വകുപ്പ് നേരിട്ട് ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഉത്തരവ്. എന്നാല്‍, സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കുന്നവയും വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുന്നവയുമായ ഉള്ളടക്കങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റുകള്‍ തടസ്സപ്പെടുത്തുന്നതിന് സര്‍ക്കാറിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഐ ടി നിയമത്തിലെ 66 എ വകുപ്പ്. നിയമത്തിലെ ചില വകുപ്പുകള്‍ക്ക് ഭരണഘടനാപരമായി സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി നിയമത്തിലെ 66 എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന കാരണത്താല്‍ മാത്രം വകുപ്പ് റദ്ദാക്കരുതെന്ന് സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ഭരണഘടനപ്രകാരമുള്ള എല്ലാ മൗലികാവകാശങ്ങളും സംരക്ഷിക്കുമെന്നും സൈബര്‍ ലോകത്തെ നിയന്ത്രിക്കാതിരിക്കാന്‍ ആകില്ലെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, ആര്‍ എഫ് നരിമാന്‍ എന്നിവരടങ്ങിയ ബഞ്ച് നിയമത്തിലെ വിവാദ വകുപ്പ് റദ്ദാക്കിയത്.
നിയമവിരുദ്ധം, നിന്ദ്യം, അപകീര്‍ത്തികരം (ഗ്രോസ്‌ലി ഒഫന്‍സീവ്), സ്വഭാവഹത്യ തുടങ്ങിയ പദങ്ങള്‍ അവ്യക്തമാണെന്നും തെറ്റിദ്ധരിപ്പിക്കപ്പെട്ടേക്കാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിയമത്തിലെ ചില പദങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത് നിയമമറിയുന്നവര്‍ക്ക് കൂടി മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ചിലര്‍ക്ക് കുറ്റകരമായി തോന്നുന്നത് മറ്റുചിലര്‍ക്ക് അങ്ങനെയാകണമെന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ആക്ഷേപാര്‍ഹമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഐ ജി, ഡി സി പി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ കേസെടുക്കാവൂ എന്ന നിര്‍ദേശം സുപ്രീം കോടതി നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ആക്ഷേപാര്‍ഹമായ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ നിരവധി അറസ്റ്റുകള്‍ നടക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
നിയമത്തിലെ 66 എ വകുപ്പ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമ വിദ്യാര്‍ഥിനിയായ ശ്രേയ സിംഘാല്‍ ആണ് ആദ്യമായി പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തത്. ശിവസേന നേതാവ് ബാല്‍ താക്കറെ അന്തരിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ ചോദ്യം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശഹീന്‍ ദാദയെയും കമന്റ് ലൈക്ക് ചെയ്ത റിനു ശ്രീനിവാസനെയും താനെയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

66 എ വകുപ്പ് എന്നാല്‍?
കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ചോ മറ്റേതെങ്കിലും വിവര വിനിമയ സംവിധാനം ഉപയോഗിച്ചോ താഴെ പറയുന്നവ കൈമാറ്റം ചെയ്താല്‍ മൂന്ന് വര്‍ഷം വരെ പിഴയോടു കൂടിയ തടവ് നല്‍കാന്‍ ഐ ടി നിയമത്തിലെ 66 എ വ്യവസ്ഥ ചെയ്യുന്നു.
എ) കുറ്റകരമായ വിവരങ്ങള്‍ അല്ലെങ്കില്‍ അപകീര്‍ത്തികരമായ, നിന്ദ്യമായ കാര്യങ്ങള്‍
ബി) തെറ്റാണെന്ന് പ്രചരിപ്പിക്കുന്ന ആള്‍ക്ക് ബോധ്യമുണ്ടായിരിക്കെ തന്നെ ഉപദ്രവം, അസൗകര്യം, അപകടം, തടസ്സം, അവഹേളനം, പരുക്ക്, ശത്രുത, വിദ്വേഷം എന്നിവയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിരന്തരം വിവരങ്ങള്‍ കൈമാറുക
സി) ഇത്തരം മെയില്‍ അല്ലെങ്കില്‍ മെസേജ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതോ യഥാര്‍ഥ ഉറവിടം മറച്ചുവെക്കുന്നതോ ആയിരിക്കുക.