Connect with us

Malappuram

മണികണ്ഠന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

Published

|

Last Updated

ചങ്ങരംകുളം: ചെറുവല്ലൂര്‍ സ്വദേശിയായ പ്രാരത്ത് കുമാരന്റെ മകന്‍ മണികണ്ഠന്‍ തമിഴ്‌നാട്ടില്‍വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നും സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും നാട്ടുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 11നാണ് ചെറുവല്ലൂരിലുള്ള സുഹൃത്തിന്റെ ആവശ്യാര്‍ഥം ഇരുവരും ചേര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോയത്. 12ന് മണികണ്ഠനെ കാണാതായ വിവരം ലഭിക്കുകയും പിറ്റേന്ന് രാവിലെ മണികണ്ഠനെ പുതുക്കോട്ട ജില്ലയിലെ അവുടിയാര്‍ കോവില്‍ സ്‌റ്റേഷന്‍ പരിധിയിലെ ആളൊഴിഞ്ഞ കയ്യാലപ്പുരയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതായി വിവരം നാട്ടുകാര്‍ക്ക് ലഭിക്കുകയുമായിരുന്നു. മണികണ്ഠനെ നാട്ടില്‍ നിന്നും കൊണ്ടുപോയ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
തമിഴ്‌നാട്ടില്‍ പോയ ബന്ധുക്കള്‍ക്ക് മണികണ്ഠന്‍ മരിക്കാനുണ്ടായ സാഹചര്യത്തെകുറിച്ച് അവിടത്തെ നാട്ടുകാരോട് തിരക്കിയപ്പോള്‍ ദുരൂഹവും സംശയാസ്പദവുമായ വിവരങ്ങളാണ് ലഭിച്ചത്. മണികണ്ഠന്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങളോ പ്രശ്‌നങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് യോഗം ചേരുകയും മരണത്തിലെ ദുരൂഹത നീക്കണമെന്നും ആന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ട് കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ നടപടിയായി മലപ്പുറം എസ് പി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. മണികണ്ഠന്റെ ഭാര്യ നാല് വര്‍ഷം മുന്‍പ് കിണറ്റില്‍ വീണ് മരണപ്പെട്ടിരുന്നു. ഇതോടെ ഇവരുടെ മൂന്നു ചെറിയ കുട്ടികളും അനാഥരായിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ആവശ്യങ്ങള്‍ക്കുമായി നാട്ടുകാര്‍ ചേര്‍ന്ന് അണ്ടത്തോട് സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ചെറുവല്ലൂര്‍ ശാഖയില്‍ അ/ഇ ഖ0059 എന്ന നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.

Latest