Connect with us

International

ഏഴ് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: ഏഴ് വര്‍ഷത്തിന് ശേഷം പാക്കിസ്ഥാന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായുള്ള ഒരു പ്രതീകാത്മകമായ ശക്തിപ്രകടനം കൂടിയായിരുന്നു റിപ്പബ്ലിക് ദിന പരേഡ്. മൂന്ന് മാസം മുമ്പ് 132 കുട്ടികള്‍ കൊല്ലപ്പെട്ട പെഷാവറിലെ സൈനിക സ്‌കൂള്‍ ആക്രമണത്തെ തുടര്‍ന്ന് താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം സൈന്യം ശക്തമാക്കിയിരുന്നു. ശക്തമായ സൈനിക സുരക്ഷയിലാണ് തലസ്ഥാന നഗരിയില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. പ്രത്യേക അനുമതി നല്‍കിയവര്‍ക്ക് മാത്രമായിരുന്നു പ്രവേശം. താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് 2008 മുതല്‍ തന്നെ പാക്കിസ്ഥാന്‍ റിപ്പബ്ലിക് ദിന പരേഡ് നിര്‍ത്തിവെക്കുകയായിരുന്നു. അതേസമയം, അഫ്ഗാന്‍ അതിര്‍ത്തികളായ ഖൈബര്‍ , വസീറിസ്ഥാന്‍ മേഖലകളിലെ തീവ്രവാദികളെ അവരുടെ കേന്ദ്രങ്ങളില്‍ നിന്നും പുറത്താക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സൈന്യം നടപടികള്‍ സ്വീകരിച്ചതോടെ പ്രദേശത്ത് നിന്ന് തീവ്രവാദികള്‍ ഓട്ടത്തിലാണെന്ന് സൈന്യം പറയുന്നു. കഴിഞ്ഞയാഴ്ച നടത്തിയ അവസാന ഘട്ട റിഹേഴ്‌സലിന്റെ ഭാഗമായി ഇസ്‌ലാമാബാദിലുടനീളം സൈന്യം മൊബൈല്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചിരുന്നു. രാജ്യത്തെ ഭരണം അട്ടിമറിച്ച് കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന താലിബാന്‍ തീവ്രവാദികള്‍ക്കെതിരെയുള്ള സൈനിക വിജയങ്ങള്‍ വളരെ ആവേശത്തോടെയാണ് സൈനികര്‍ അവതിരിപ്പിക്കുന്നത്.