ബ്രിട്ടനില്‍ ജയിലിലേക്ക് മയക്കുമരുന്നും ആയുധങ്ങളും കടത്തുന്ന ഡ്രോണ്‍ വിമാനം ജയില്‍ മതിലിലിടിച്ച് തകര്‍ന്നു

Posted on: March 24, 2015 5:56 am | Last updated: March 23, 2015 at 11:56 pm
SHARE

ലണ്ടന്‍: ബ്രിട്ടനിലെ അതിസുരക്ഷാ ജയിലുകളിലൊന്നായ ബെഡ്‌ഫോഡിലെ എച്ച് എം ജയിലിലേക്ക് മയക്കുമരുന്നുകളും മൊബൈല്‍ ഫോണുകളും ആയുധങ്ങളും കടത്തുകയായിരുന്ന ഒരു ഡ്രോണ്‍ (പൈലറ്റില്ലാ കൊച്ചുവിമാനം) ജയില്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു. ഈ വിധം ഒരു സംഭവം ഇതാദ്യമായാണ്.
ജയിലിന് മുകളിലേക്ക് എന്തോ ഒന്ന് പറന്ന് വരുന്നത് ജയിലിലെ സുരക്ഷാ ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഫാന്റം- 2 എന്ന ഡ്രോണ്‍ വിമാനം പക്ഷേ, ഗാര്‍ഡുകള്‍ക്ക് എന്തെങ്കിലും ചെയ്യാനാകും മുമ്പ് ജയിലിലെ മതിലിന് മുകളിലെ കമ്പിവലയില്‍ കുടുങ്ങി തകരുകയായിരുന്നു.
ഓടിക്കൂടിയ ഗാര്‍ഡുകള്‍ അപകടസ്ഥലത്ത് എത്തി ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ എടുത്ത് മാറ്റുമ്പോള്‍ കണ്ടത് മേത്തരം മയക്കുമരുന്നുകള്‍, ഒരു കഠാരി, സ്‌ക്രൂഡ്രൈവര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ. ഇതിന് 900 പൗണ്ട് എങ്കിലും വിലവരുമെന്ന് ജയിലധികൃതര്‍ പറയുന്നു. മാര്‍ച്ച് ആറാം തീയതിയാണ് അപകടം ഉണ്ടായത്. റിമോട്ട് കണ്‍ട്രോള്‍ വഴിയാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഏതായാലും ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്.
മയക്കുമരുന്ന് അടക്കമുള്ള സാധനങ്ങള്‍ കടത്താന്‍ ഉപയോഗിച്ച ഡ്രോണിന് 2,600 അടി ഉയരത്തില്‍ ഒരു മണിക്കൂര്‍ നേരം ആകാശത്ത് പറക്കാനാകും. തടവുപുള്ളികള്‍ക്ക് മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളുമെത്തിക്കാന്‍ ഈ ജയിലില്‍ ഇതിന് മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അന്നെല്ലാം ജയിലിന്റെ കൂറ്റന്‍ മതിലിന് മുകളിലൂടെയായിരുന്നു ശ്രമങ്ങള്‍.