Connect with us

Gulf

വിമാനത്താവള നവീകരണം ദ്രുതഗതിയില്‍

Published

|

Last Updated

അബുദാബി: രാജ്യാന്തര വിമാനത്താവള വിപുലീകരണം 2017ല്‍ പൂര്‍ത്തിയാകുമെന്ന് അബുദാബി എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അലി മാജിദ് അല്‍മന്‍സൂരി പറഞ്ഞു. 45 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. എമിറേറ്റിന്റെ പുരോഗതിയിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുന്നതായിരിക്കും പുതിയ ടെര്‍മിനല്‍. വ്യോമമേഖലയില്‍ പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ച കണക്കാക്കുന്ന സാഹചര്യം മുന്നില്‍ കണ്ടാണു പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്.
രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പുതിയ ടെര്‍മിനലില്‍ ചില്ലുകള്‍ പതിക്കുന്ന ജോലികള്‍ ജൂണോടെ അവസാനിക്കും. ടെര്‍മിനല്‍ മൂന്നില്‍ കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ കൊണ്ടുവരും. കസ്റ്റംസ് പരിശോധനകള്‍ അതിവേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകളും സ്‌കാനിങ് സംവിധാനങ്ങളും വിമാനത്താവളത്തിലുണ്ടാകും. ട്രാന്‍സിറ്റ് യാത്രക്കാരിലുണ്ടാകുന്ന വര്‍ധന പരിഗണിച്ചു രാജ്യാന്തര നിലവാരത്തിലുള്ള പരിശോധനാ സംവിധാനങ്ങളാണു വിമാനത്താവളത്തിലുണ്ടാവുക.
രണ്ടു ചതുര്‍ നക്ഷത്ര ഹോട്ടലുകള്‍ കൂടി വിമാനത്താവളവുമായി കൂട്ടിച്ചേര്‍ക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള ഹോട്ടല്‍ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന യാത്രക്കാരുടെ പരാതി പരിഗണിച്ചാണു ഹോട്ടലുകളുടെ എണ്ണം കൂട്ടുന്നതെന്ന് അല്‍ മന്‍സൂരി അറിയിച്ചു. നിലവിലുള്ള ടെര്‍മിനലിനെ ടണല്‍ വഴിയായിരിക്കും പുതിയ ടെര്‍മിനലുമായി ബന്ധിപ്പിക്കുക. ഒരു കിലോമീറ്റര്‍ ദൂരപരിധിയുള്ള തുരങ്കപാതയാണ് ഇതിനായി പണിയുക. 37-45 മീറ്റര്‍ വ്യാപ്തി പുതിയ വിമാനത്താവളത്തിലേക്കുള്ള തുരങ്കപാതകള്‍ക്കുണ്ടാകും. ആദ്യഘട്ട ടണല്‍ നിര്‍മാണം ഒന്‍പതു മാസം കൊണ്ട് 520 മീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2016ല്‍ തുരങ്കപാതകളുടെ നിര്‍മാണ ജോലികള്‍ യാഥാര്‍ഥ്യമാകുമെന്ന് അല്‍ മന്‍സൂരി സൂചിപ്പിച്ചു.

Latest