ചങ്ങരംകുളത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നു; ജനങ്ങള്‍ ആശങ്കയില്‍

Posted on: March 22, 2015 1:13 pm | Last updated: March 22, 2015 at 1:13 pm
SHARE

ചങ്ങരംകുളം: ജനങ്ങളെ ആശങ്കയിലാക്കി ചങ്ങരംകുളത്ത് പ്ലാസ്റ്റിക് അടങ്ങിയ അരി വ്യാപകമാകുന്നു. കല്ലൂര്‍മ, അയിനിച്ചോട് പ്രദേശത്തുളളവര്‍ക്കാണ് കഴിഞ്ഞ ദിവസം അരി വേവിച്ചപ്പോള്‍ പ്ലാസ്റ്റിക് അംശമുള്ള പാട ലഭിച്ചത്. കല്ലൂര്‍മ സ്വദേശി മുടവത്ത് വളപ്പില്‍ മുഹമ്മദ്, അയിനിച്ചോട് പുത്തന്‍പീടിയേക്കല്‍ അലി എന്നിവരുടെ വീടുകളിലാണ് അരി വേവിച്ച കഞ്ഞിവെള്ളത്തില്‍ നിന്നും കട്ടിയുള്ള കഞ്ഞിവെള്ളം ലഭിക്കുകയും ഇത് വെയിലത്തുവെച്ചപ്പോള്‍ പ്ലാസ്റ്റിക് കഷ്ണമാകുകയും ചെയ്തത്.
കത്തിച്ചപ്പോള്‍ പ്ലാസ്റ്റിക് കത്തുന്നത്‌പോലെ കത്തിപ്പിടിക്കുകയും പ്ലാസ്റ്റിക്കിന്റെ മണവും അനുഭവപ്പെടുന്നതായി വീട്ടുകാര്‍ പറഞ്ഞു. പത്രങ്ങളില്‍ ഇതുസംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് അരിയിലെ പ്ലാസ്റ്റിക് ശ്രദ്ധിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. കേരള സ്‌പെഷ്യല്‍ മോഡേണ്‍ റൈസ് മില്ലിന്റെ ശാന്തി ഗോള്‍ഡ് എന്ന അരിയില്‍നിന്നാണ് പ്ലാസ്റ്റിക് ലഭിച്ചതെന്ന് മുഹമ്മദ് പറഞ്ഞു. ചാക്കിന് മുകളില്‍ സ്ഥലപ്പേര് രേഖപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഇതേ അരിയാണ് ഇവര്‍ സ്ഥിരം ഉപയോഗിച്ചിരുന്നത്. ചങ്ങരംകുളത്തെ പ്രമുഖ ഷോപ്പില്‍ നിന്നാണ് അരി വാങ്ങിയതെന്ന് അലി പറഞ്ഞു. പ്ലാസ്റ്റിക് അരി വ്യാപകമാകുന്നതോടെ പ്രദേശത്തെ ജനങ്ങള്‍ ഏറെ ആശങ്കയിലാണ്. ഇത് ഭക്ഷിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമോ എന്ന ആശങ്കയും ജനങ്ങളില്‍ വര്‍ധിച്ച് വരുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.