പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനക്കെതിരെ ജില്ലയില്‍ പരിശോധന ശക്തമാക്കുന്നു

Posted on: March 22, 2015 1:08 pm | Last updated: March 22, 2015 at 1:08 pm
SHARE

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥികളെയും മറ്റും ലക്ഷ്യംവെച്ച് നടക്കുന്ന പുകിയല ഉത്പന്നങ്ങളുടെ വില്‍പ്പനക്കെതിരെ ജില്ലയില്‍ പരിശോധന ശക്തമാക്കുന്നു. ചെറു ക്ലാസിലെ കുട്ടികള്‍ അടക്കം വിദ്യാര്‍ഥികളില്‍ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കലക്ടര്‍ എന്‍ പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
രാജ്യത്ത് നടപ്പാക്കിയ കോട്പ നിയമത്തിലൂടെ പുകയില ഉത്പന്നങ്ങള്‍ പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കുന്നതും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നൂറ് മീറ്റര്‍ ചുറ്റളവില്‍ വില്‍ക്കുന്നതും തടയുന്നതിനുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പരിശോധനയാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. പോലീസ്, ആരോഗ്യ വകുപ്പ്, വിദ്യഭ്യാസ വകുപ്പ് എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുക. മാര്‍ച്ച് 31 നുള്ളില്‍ പൊതുസ്ഥലങ്ങള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പുകവലി വിമുക്ത സ്ഥലം, ഇവിടെ പുകവലി ശിക്ഷാര്‍ഹം എന്ന ബോര്‍ഡ് സ്ഥാപിക്കണം. 18 വയസിന് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണ് എന്ന് നിശ്ചിത അളവിലുള്ള ബോര്‍ഡ് എല്ലാ കടകളിലും പ്രദര്‍ശിപ്പിക്കണം.
ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍, സ്ഥാപന മേധാവികള്‍, സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ജില്ലാ റൂറല്‍ പോലീസ് മേധാവി പി എച്ച് അശ്‌റഫ് യോഗത്തില്‍ പങ്കെടുത്തു.