നാടകാചാര്യന്‍ കെ ടി മുഹമ്മദ് അനുസ്മരണം 24ന് ആരംഭിക്കും

Posted on: March 22, 2015 1:08 pm | Last updated: March 22, 2015 at 1:08 pm
SHARE

കോഴിക്കോട്: നാടകാചാര്യന്‍ കെ ടി മുഹമ്മദ് അനുസ്മരണം 24, 25 തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ ടി മുഹമ്മദിന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തോടനുനബന്ധിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 24ന് മാനാഞ്ചിറ ലൈബ്രറി പരിസരത്ത് നടക്കുന്ന തെരുവു നാടകത്തോടെ പരിപാടിക്ക് തുടക്കമാകും. കെ ടിയുടെ പ്രശസ്ത നാടകമായ നാല്‍ക്കവലയുടെ നാടകാവിഷ്‌കാരമാണ് നടക്കുക. ശില്‍പി ജീവന്‍ തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും. 25ന് ടൗണ്‍ഹാളില്‍ 10 മണിക്ക് ആരംഭിക്കുന്ന സ്‌ക്കിറ്റ് അവതരണ മത്സരത്തില്‍ ലോകധര്‍മി തിയേറ്റര്‍ ഗ്രൂപ്പ്, കാഴ്ച, അരങ്ങ്, റ്റുമാറോ തിയ്യേറ്റര്‍ ലവേഴ്‌സ് ഗ്രൂപ്പ് വിപ്ലവകലാവേദി എന്നീ നാടക സംഘങ്ങള്‍ സ്‌ക്കിറ്റുകള്‍ അവതരിപ്പിക്കും. കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്ലത്വീഫ് മത്സര പരിപാടി ഉദ്ഘാടനം നടത്തും. രണ്ട് മണിക്ക് നടക്കുന്ന നാടക പ്രവര്‍ത്തക സംഗമത്തില്‍ കെ ടിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുകളും ഒത്തു ചേരും.
മൂന്ന് മണിക്ക് ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളുടെ സാംസ്‌കാരിക പരിസരം എന്ന സെമിനാര്‍ നടക്കും. അഞ്ച് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി എം അബ്രഹാം ഉദ്ഘാടനം ചെയ്യും. ഭക്ഷണത്തിലെ ജനാധിപത്യം എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. കെ ശ്രൂകമാര്‍, ടി സുധാകരന്‍, വില്‍സണ്‍ സാമുവല്‍, പി പി ജയരാജ്, മാധവന്‍ കുന്നത്തറ, ടി സുരേഷ് ബാബു, ഗീരീഷ് കളത്തില്‍, റഫീഖ് മംഗലശ്ശേരി, ടി എം ചന്ദ്രശേഖരന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കെ ടി മുഹമ്മദ് രചനയും മനോജ് നാരായണന്‍ സംവിധാനവും നിര്‍വഹിച്ച തീക്കനല്‍ എന്ന നാടകവും അരങ്ങേറും. പുരോഗമന കലാസാഹിത്യ സംഘവും കെ ടി മുഹമ്മദ് അനുസ്മരണ സമിതിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളതനത്തില്‍ ജനറല്‍ കണ്‍വീനര്‍ വി ടി സുരേഷ്, ബാബു പറശ്ശേരി, വി ബി നായര്‍, എം എ നാസര്‍ പങ്കെടുത്തു.