Connect with us

Editorial

തുടര്‍ച്ചയാകുന്ന ട്രെയിന്‍ അപകടങ്ങള്‍

Published

|

Last Updated

“സുരക്ഷിതവും സുഖകരവും ചെലവ് കുറഞ്ഞതുമായ യാത്രക്ക് ട്രെയിന്‍ തന്നെ ആശ്രയ”മെന്ന വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രെയിന്‍ എന്ന് കേള്‍ക്കുന്നത് തന്നെ ഒരു പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. റെയില്‍ ബജറ്റ് എന്നത് വൃഥാവ്യായാമമായി മാറിയിരിക്കുന്നു. ഏറ്റവും ഒടുവില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് വേണ്ടി റെയില്‍ ബജറ്റ് അവതരിപ്പിച്ച മന്ത്രി സുരേഷ് പ്രഭു തന്റെ കണ്‍കെട്ട് വിദ്യകൊണ്ട് നാട്ടുകാരെ മുഴുവന്‍ അമ്പരപ്പിച്ച് കളഞ്ഞു. കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കല്‍, റെയില്‍വേ വികസന പദ്ധതികള്‍ തുടങ്ങിയ പ്രക്രിയകള്‍ ബജറ്റിലൂടെയാണ് നാം അറിഞ്ഞിരുന്നത്. മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച പുതിയ ബജറ്റില്‍ അങ്ങനെയൊന്നില്ലായിരുന്നു. ഉച്ചത്തില്‍ പറഞ്ഞുകേട്ട രണ്ട് കാര്യങ്ങള്‍ യാത്രക്കാരുടെ സുരക്ഷയെ കുറിച്ചും യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചുമായിരുന്നു. ട്രെയിന്‍ യാത്രക്കാര്‍ക്ക് ശുഭയാത്രയും സുരക്ഷിത യാത്രയും നേര്‍ന്നിരുന്ന ഏര്‍പ്പാട് റെയില്‍വേ അവസാനിപ്പിച്ചത് ഈയൊരു കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണോ എന്നറിയില്ല. റെയില്‍വെ ടിക്കറ്റിന്റെ പിന്‍വശത്ത് പണ്ട് രേഖപ്പെടുത്താറുണ്ടായിരുന്ന “ശുഭയാത്ര, സുരക്ഷിത യാത്രാ” സന്ദേശവും ഇന്നില്ല. മനം മയക്കുന്ന സന്ദേശങ്ങള്‍ അച്ചടിച്ചുവെച്ച ടിക്കറ്റുമായി യാത്രചെയ്യുന്നവരെ എന്തിന് വഞ്ചിക്കുന്നുവെന്ന് റെയില്‍ മന്ത്രാലയം ചിന്തിച്ചിരിക്കാം. ട്രെയിന്‍ യാത്ര പലപ്പോഴും ദുരന്തപൂര്‍ണമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഡെറാഡൂണ്‍- വാരാണസി ജനതാ എക്‌സ്പ്രസ് പാളം തെറ്റിയതില്‍ 38 പേര്‍ മരിച്ചു. 150ലേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാകയാല്‍ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ചെറുതും വലുതുമായ 16 ട്രെയിനപകടങ്ങള്‍ രാജ്യത്തുണ്ടായി. ഓരോ തവണയും റെയില്‍വേ മന്ത്രിയും അധികൃതരും സുരക്ഷിതയാത്ര ഒരുക്കാന്‍ “പാടുപെടുമ്പോള്‍” അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. നാമമാത്രമായ എതാനും “പറക്കും” ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് അല്‍പസ്വല്‍പം ആഡംബരങ്ങളെല്ലാം ഉണ്ടെങ്കിലും മഹാ ഭൂരിപക്ഷം ട്രെയിനുകളും “കരിവണ്ടിയുഗ”ത്തില്‍ നിന്നും ഏറെയൊന്നും മുന്നോട്ട് പോയിട്ടില്ല എന്നതാണ് ദുഃഖകരമായ യാഥാര്‍ഥ്യം. അപകടങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. രണ്ട് വര്‍ഷക്കാലത്ത് 16 അപകടങ്ങളിലായി 148 കുടുംബങ്ങള്‍ ദുരന്തത്തിനിരയായി. നാഥന്‍ നഷ്ടമായ കുടുംബങ്ങള്‍, വീട്ടമ്മമാര്‍ നഷ്ടമായ കുടുംബങ്ങള്‍, മക്കളും ബന്ധുക്കളും നഷ്ടമായ കുടുംബങ്ങള്‍. റെയില്‍വെ നല്‍കുന്ന നഷ്ടപരിഹാരത്തുക ഒന്നിനും തികയില്ലെന്നത് വേറെ കാര്യം. ഡെറാഡൂണ്‍- വാരാണസി എക്‌സ്പ്രസിന്റെ ബ്രേക്ക് തകരാറായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോക്കോ പൈലറ്റിന്റെ ജാഗ്രത വലിയൊരു ദുരന്തം ഒഴിവാക്കിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായവരും റെയില്‍വേ അധികൃതരും ഒരേസ്വരത്തില്‍ പറയുന്നു.
ബ്രേക്ക് തകരാറ് കാരണം ബച്ച്‌റാവന്‍ സ്റ്റേഷനില്‍ നിര്‍ത്താന്‍ കഴിയാതെ സിഗ്നല്‍ മറികടന്ന് ട്രെയിന്‍ ഓടിയതാണ് എന്‍ജിനും തൊട്ടുള്ള കോച്ചുകളും പാളം തെറ്റാന്‍ കാരണമായത്. അപകടം സംഭവിച്ച ജനതാ എക്‌സ്പ്രസിന്റെ ഡ്രൈവര്‍ കാണിച്ച സ്ഥൈര്യവും ചുമതലാബോധവും സംഭവിക്കാമായിരുന്ന മറ്റൊരു വന്‍ദുരന്തത്തെ ഒഴിവാക്കിയെന്ന് റെയില്‍വെ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ബ്രേക്ക് തകരാറിലാണെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ ഉടനെതന്നെ ട്രെയിനിനെ ഒരു ലൂപ്പ് ലൈനിലേക്ക് തിരിച്ച് വിട്ടിരുന്നില്ലെങ്കില്‍ എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ഗംഗ- ഗോമതി എക്‌സ്പ്രസുമായി കൂട്ടിയിടിച്ച് മറിയുമായിരുന്നു. ഈ അപകടസാധ്യത ജനതാ എക്‌സ്പ്രസിന്റെ ഡ്രൈവര്‍, ബച്ച്‌റാവന്‍ സ്റ്റേഷന്റെ ചുമതലക്കാരനെ വാക്കി ടോക്കിയിലൂടെ അറിയിച്ചതിനാല്‍ അദ്ദേഹത്തിനും നടപടികള്‍ സ്വീകരിക്കാന്‍ സമയം ലഭിച്ചുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ അടുത്ത കാലങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ പലതും അറ്റകുറ്റപ്പണിക്ക് ജീവനക്കാരില്ലാത്തതിന്റെ പരിണതിയായിരുന്നു. റെയില്‍വേയില്‍ പതിനായിരക്കണക്കിന് ഒഴിവുകള്‍ നിലവിലുണ്ട്. പക്ഷേ നിയമനം നടത്താന്‍ റെയില്‍വേ ബോര്‍ഡ് എന്ന വെള്ളാനക്ക് ഒരു താത്പര്യവുമില്ല. അപകടങ്ങള്‍ പെരുകുന്നതിന് പ്രധാന കാരണം ആവശ്യമായ അറ്റകുറ്റപ്പണികള്‍ വേണ്ടസമയത്ത് നടത്താത്തതാണ്. റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള അണിയറ നീക്കങ്ങള്‍ ഇന്നൊരു രഹസ്യമല്ല. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റ് നല്‍കുന്ന സൂചനയും ഇത് തന്നെ. ലോകത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏറ്റവും വലിയ തൊഴില്‍ ദാതാവാണ് ഇന്ത്യന്‍ റെയില്‍വേയെന്ന കാര്യം ആരും മറന്നുകൂടാ. ഈ സ്ഥാപനത്തെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. “വെടക്കാക്കി തനിക്കാക്കുക” എന്ന തന്ത്രവുമായി കോര്‍പറേറ്റുകളും രംഗത്തുണ്ടെന്ന് ആരും വിസ്മരിക്കരുത്.

Latest