സുനന്ദയുടെ മരണം: തെളിവ് ശേഖരിക്കുന്നതില്‍ ഉദാസീനത കാണിച്ചുവെന്ന്

Posted on: March 22, 2015 10:50 am | Last updated: March 22, 2015 at 10:50 am
SHARE

SUNANDAകൊച്ചി: മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് തെളിവ് ശേഖരിക്കുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉദാസീനത കാണിച്ചുവെന്ന് ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ബി ഉമാദത്തന്‍ പറഞ്ഞു.
ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയനും അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ് അക്കാദമിയും (എഎഎല്‍ ടി)ചേര്‍ന്ന് സംഘടിപ്പിച്ച അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ് മെമ്മോറിയല്‍ നിയമപഠനക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരണകാരണം എന്തെന്ന് വ്യക്തമാക്കാതെ സുനന്ദയുടെത് അസ്വാഭാവിക മരണമാണെന്ന് ഡോക്ടര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തി പറയുകയുണ്ടായി. മരണകാരണം വ്യക്തമാക്കാതെ മരണം സ്വാഭാവികമാണോ അല്ലയോ എന്ന് പറയാന്‍ കഴിയില്ല. ഈ കണ്ടെത്തല്‍ അന്വേഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസ്വാഭാവിക മരണങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായം അന്തിമമല്ല. മറ്റു തെളിവുകളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് മാത്രമേ ഇത്തരം തെളിവുകളെ ഉപയോഗിക്കാവൂ. അസ്വാഭാവിക മരണങ്ങളുടെ കാര്യത്തില്‍ ഫോറന്‍സിക് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കേസ് അന്വേഷണത്തെ തെറ്റായ വഴിയിലേക്ക് നയിക്കാറുണ്ട്. ഇതു പലപ്പോഴും നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ കാരണമാകുന്നു. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇവ തിരുത്താനുള്ള സൗകര്യങ്ങളുണ്ട്. ഇന്ത്യയില്‍ ഇവ പുന:പരിശോധിക്കാനുള്ള സൗകര്യമില്ല. കൊലപാതകം നടന്നയുടനെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും മൃതദേഹം കത്തിച്ച് കളയുന്നതോടെ തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ് മികച്ച അഭിഭാഷകനും പ്രതിഭാധനനായ കലാകാരനുമായിരുന്നുവെന്ന് ജസ്റ്റിസ് ടി ആര്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞു. അഡ്വ. ജനാര്‍ദ്ദനകുറുപ്പ് അനുസ്മരണവും നിയമപഠനക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയിലും പൊതു ജീവിതത്തിലും മനുഷ്യത്വപരമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ബഹുമുഖപ്രതിഭയായ ജനാര്‍ദ്ദനക്കുറിപ്പിന്റെ വിയോഗത്തോടെയുണ്ടായ വിടവ് നികത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എഎഎല്‍ ടി ഡയറക്ടര്‍ അഡ്വ. പി വി സുരേന്ദ്രനാഥ് അധ്യക്ഷനായി. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ജോണ്‍ വര്‍ഗീസ് സംസാരിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എന്‍ മനോജ്കുമാര്‍ സ്വാഗതവും വൈസ് ചെയര്‍മാന്‍ അഡ്വ. ജോണ്‍ കെ ജോര്‍ജ് നന്ദിയും പറഞ്ഞു.