ആരോപണങ്ങള്‍ നിഷേധിച്ച് മാണി; നിലപാട് മയപ്പെടുത്തി ജോര്‍ജ്‌

Posted on: March 22, 2015 6:24 am | Last updated: March 22, 2015 at 12:13 pm
SHARE

MANI
കോട്ടയം: ബാര്‍ കോഴ വിവാദം ഉയര്‍ത്തിയ കോലാഹലങ്ങള്‍ക്കിടെ ഇന്നലെ വിളിച്ചുചേര്‍ന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം പ്രഹസനമായി പിരിഞ്ഞു. കോഴ വിഷയം മുന്‍ നിര്‍ത്തി മാണിക്കെതിരെ പടപ്പുറപ്പാടുമായെത്തിയ പി സി ജോര്‍ജിനെ മെരുക്കുന്നതിലും നേതൃത്വം വിജയിച്ചു. ഇന്നലെ രണ്ടു മണിക്ക് ഏറ്റുമാനൂരിന് സമീപം അടിച്ചിറ ആമോസ് സെന്ററില്‍ യോഗം ചേരുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ വൈകി 3.35 ഓടെ പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി യോഗ സ്ഥലത്തെത്തി. പിന്നീട് വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി ജെ ജോസഫ് കൂടെ എത്തിയ ശേഷം 4.10 ഓടെ സ്റ്റിയറിംഗ് കമ്മിറ്റി ആരംഭിച്ചു.

അഞ്ചു മണിയോടെ യോഗം അവസാനിപ്പിക്കണമെന്ന മുഖവുരയോടെയാണ് കെ എം മാണി തന്റെ അധ്യക്ഷ പ്രസംഗം തുടങ്ങിയത്. യോഗത്തില്‍ കെ എം മാണിക്കെതിരെ വലിയ തോതിലുള്ള എതിര്‍പ്പുകളും വാഗ്വാദങ്ങളും ഉണ്ടാകുമെന്ന തരത്തില്‍ പ്രചാരണമുണ്ടായിരുന്നെങ്കിലും എല്ലാം സമംഗളം പര്യവസാനിപ്പിക്കാന്‍ നേതൃത്വം വിജയിക്കുകയും ചെയ്തു.
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കുറ്റപത്രം മാണിക്കെതിരെ സമര്‍പ്പിക്കുന്ന സൂചനകളും വാര്‍ത്തകളും പ്രചരിച്ചതോടെ മാണിയുടെ രാജി അടക്കമുള്ള ആവശ്യങ്ങള്‍ യോഗത്തില്‍ പ്രതിനിധികള്‍ ഉന്നയിക്കുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ് മാത്രമാണ് ബാര്‍ കോഴ വിവാദം സംബന്ധിച്ച് ചില പരാമര്‍ശങ്ങള്‍ നടത്തിയത്. യോഗം ആരംഭിക്കുന്നത് മുമ്പുതന്നെ മുന്‍നിശ്ചയിച്ച സമയത്തിന് മണിക്കൂറുകള്‍ വൈകി ആരംഭിക്കുന്ന യോഗം വെറും പ്രഹസനമാകുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നീട് ജോര്‍ജിന്റെ അഭിപ്രായ പ്രകടനത്തെ കെ എം മാണി തള്ളിപ്പറയുകയും ചെയ്തു.
യോഗത്തില്‍ സംസാരിച്ച ജോര്‍ജ് ബാര്‍ കോഴ വിവാദം വിശദമായി ചര്‍ച്ച ചെയ്യണമെന്നും ഇതിനായി പാര്‍ട്ടി സെക്രട്ടറിയേറ്റോ ഹൈപ്പവര്‍ കമ്മിറ്റിയോ വിളിച്ചുചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യം മന്ത്രി കെ എം മാണിക്കും മന്ത്രി പി ജെ ജോസഫിനും തീരുമാനിക്കാം. ബാര്‍ കോഴ വിവാദത്തില്‍ അകപ്പെട്ട കേരള കോണ്‍ഗ്രസിനെ ഇന്ന് നടുക്കടലില്‍ മുക്കിക്കൊല്ലാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇതിന് പിന്നില്‍ ആരാണെന്ന് തനിക്കറിയാം. ഈ പേര് താന്‍ ബിജു രമേശ് വിവാദം ഉന്നയിച്ച അതേദിവസം ചാനലില്‍ പറഞ്ഞിട്ടുണ്ട്. ബാര്‍ കോഴ വിവാദത്തില്‍ കേരള കോണ്‍ഗ്രസിനും കെ എം മാണിക്കുമെതിരെ നടക്കുന്ന പ്രചാരണങ്ങളെ രാഷ്ട്രീയമായി നേരിടണമെന്നും പി സി ജോര്‍ജ് യോഗത്തില്‍ ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിന്റെ പ്രസ്താവനക്ക് പിന്നില്‍ ആരാണെന്ന് അറിയണം. ബാര്‍ കേസ് നോക്കുന്നതും നടത്തുന്നതും ചെന്നിത്തലയാണെന്നും പി സി ജോര്‍ജ് ഓര്‍മിപ്പിച്ചു.
അതേസമയം ബാര്‍ കോഴ ചര്‍ച്ച സജീവമാക്കാനുള്ള പി സി ജോര്‍ജിന്റെ ശ്രമം മാണി ഇടപെട്ട് അവസാനിപ്പിക്കുകയും ചെയ്തു.
ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പും കാര്‍ഷിക മേഖലയുമാണ് അജന്‍ഡയെന്ന് മാണി പ്രഖ്യാപിച്ചു. തുടര്‍ന്ന് ബാര്‍ കോഴ വിവാദങ്ങളും കെ എം മാണിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന വിമര്‍ശനങ്ങളും അടുത്ത ദിവസം യോഗം വിളിച്ച് വിശദമായി ചര്‍ച്ച ചെയ്യാമെന്ന് മാണി പ്രതിനിധികളെ അറിയിച്ചു.
തുടര്‍ന്ന് സംസാരിച്ച പ്രതിനിധികള്‍ ബജറ്റില്‍ റബ്ബര്‍, നെല്‍കര്‍ഷകര്‍ക്ക് വേണ്ടി നീക്കിവെച്ച തുക ഫലപ്രദമായി കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് വേണ്ട പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
നെല്ല്, റബ്ബര്‍, ജലസേചനം തുടങ്ങിയ വിഷയങ്ങള്‍ പഠിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് വിവിധ കമ്മിറ്റികളുണ്ടാക്കി യോഗം പിരിഞ്ഞു. യോഗത്തില്‍ മാത്യു സ്റ്റീഫന്‍, സി എഫ് തോമസ് എം എല്‍ എ, കെ ഐ ആന്റണി എന്നിവരും ചര്‍ച്ചയില്‍ സംസാരിച്ചു.