കായിക ഭൂപടത്തില്‍ മണ്ണാര്‍ക്കാടിന് പെരുമ സമ്പാദിച്ച് പ്രൊഫ. ജോസഫ് പടിയിറങ്ങുന്നു

Posted on: March 21, 2015 11:31 am | Last updated: March 21, 2015 at 11:31 am
SHARE

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ എസ് കോളജിന്റെ കായിക മികവിന്റെ സൂത്രധാരന്‍ പ്രൊഫ. കെ ജെ ജോസഫ് പടിയിറങ്ങുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട സ്തുത്യഹര്‍മായ സേവനത്തിനുശേഷമാണ് പ്രൊഫ. ജോസഫ് നിറഞ്ഞ മനസ്സോടെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നത്. ദേശീയ കായിക ഭൂപടത്തില്‍ മണ്ണാര്‍ക്കാടിന്റെ പേര് വിശിഷ്യാ ഗുസ്തി രംഗത്ത് തങ്ക ലിപികളാല്‍ എഴുതിച്ചേര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് പ്രൊഫസറുടെത്.
പ്രാദേശിക കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രഗല്‍ഭനായിരുന്നു ജോസഫ് എന്ന കായികാധ്യാപകന്‍. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിന്റെ ഫിസിക്കല്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് നാക്കിന്റെ സെന്റര്‍ ഫോര്‍ എക്‌സലന്റ് പദവി ലഭിച്ചതിനും ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 75 ലക്ഷം യു ജി സി ഗ്രാന്റ് ലഭിച്ചതിനും കാരണമായത് ജോസഫിന്റെ കീഴില്‍ കായിക വിഭാഗത്തിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിഞ്ഞതുകൊണ്ടാണ്.
നിരവധി ദേശീയ അന്തര്‍ദേശീയ കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതിലെ ചാരിതാര്‍ത്ഥ്യത്തോടെയാണ് പ്രൊഫസര്‍ സര്‍വ്വീസില്‍ നിന്നും മാര്‍ച്ച് 31 വിരമിക്കുന്നത്.
ഔദ്ദ്യോഗികമായി വിരമിച്ചാലും തന്റെ സേവനം മണ്ണാര്‍ക്കാട്ടെ ഭാവി കായിക വാഗ്ദാനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ചിന്തയിലാണ് പ്രൊഫ.ജോസഫ്.