Connect with us

Ongoing News

മാര്‍ട്ടിന്‍ ഗുപ്റ്റിലിന് ഡബിള്‍ സെഞ്ച്വറി; കീവീസിന് ജയം; സെമി ലൈനപ്പായി

Published

|

Last Updated

വെല്ലിംഗ്ടണ്‍: മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ വിശ്വോത്തര ബാറ്റിംഗ് പ്രകടനത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസിന് കീഴടങ്ങാതെ തരമില്ലായിരുന്നു. ഗുപ്ടില്‍ പുറത്താകാതെ 237 റണ്‍സടിച്ച കളിയില്‍ ന്യൂസിലാന്‍ഡ് 143 റണ്‍സ് ജയവുമായി ലോകകപ്പ് സെമിയിലെത്തി. ഇന്ത്യയെ പോലെ ലോകകപ്പില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ന്യൂസിലാന്‍ഡ് 24ന് ഓക്‌ലാന്‍ഡില്‍ നടക്കുന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സടിച്ചു കൂട്ടി. വിന്‍ഡീസിന്റെ മറുപടിക്ക് വേഗമുണ്ടായിരുന്നെങ്കിലും 30.3 ഓവറില്‍ 250ല്‍ അവസാനിച്ചു.
നിരവധി റെക്കോര്‍ഡുകളാണ് ഗുപടില്‍ ഒറ്റ ഇന്നിംഗ്‌സിലൂടെ നേടിയത്. ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഏകദിനത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഗുപ്ടിലിന്റെ പേരിലായി. ന്യൂസിലന്‍ഡ് താരം ഏകദിനത്തില്‍ നേടുന്ന ആദ്യ ഇരട്ട സെഞ്ചുറിയാണിത്. ഗുപലാണ് മാന്‍ ഓഫ് ദ മാച്ച്. 163 പന്തില്‍ 24 ഫോറും 11 സിക്‌സും ഉള്‍പ്പടെ 35 ബൗണ്ടറികളാണ് ഗുപ്ടില്‍ നേടിയത്. ഏകദിന ഇന്നിംഗ്‌സില്‍ കൂടുതല്‍ ബൗണ്ടറി നേടിയ രണ്ടാമത്തെ താരമാണ് ഗുപ്ടില്‍. ഇന്ത്യയുടെ രോഹിത് ശര്‍മയുടെ 42 ബൗണ്ടറികളാണ് റെക്കോര്‍ഡ്. ആദ്യ 120 പന്തില്‍ ഗുപ്ടില്‍ 117 റണ്‍സാണ് നേടിയതെങ്കില്‍ അടുത്ത 43 പന്തുകളില്‍ ഗുപ്ടില്‍ 120 റണ്‍സടിച്ചു കൂട്ടി. സ്‌ട്രൈക്ക് റേറ്റ് 279!
ഇരട്ട സെഞ്ച്വറിയുമായി ക്രീസില്‍ തകര്‍ത്താടിയ മാര്‍ട്ടിന്‍ ഗുപ്ടിലിന് മറുപടി നല്‍കാന്‍ വിന്‍ഡീസിന്റെ വജ്രായുധം ക്രിസ് ഗെയ്‌ലിനോ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ക്കോ സാധിച്ചില്ല. എട്ടു സിക്‌സും രണ്ടു ഫോറുമായി 33 പന്തില്‍ 66 റണ്‍സ് അടിച്ച ഗെയ്ല്‍ തന്നെയാണ് കുറച്ചെങ്കിലും പൊരുതിയത്. ആദ്യ 10 ഓവറില്‍ 80 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും ഇതിനായി അഞ്ചു വിക്കറ്റാണ് കരീബിയന്‍സ് നഷ്ടപ്പെടുത്തിയത്. കളിയുടെ ഒരു ഘട്ടത്തിലും ന്യൂസിലന്‍ഡിന് ഭീഷണിയാകാന്‍ വിന്‍ഡീസിന്റെ കൂറ്റനടികള്‍ക്ക് കഴിഞ്ഞതുമില്ല. 10 ഓവറില്‍ 44 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബൗള്‍ട്ടാണ് വിന്‍ഡീസിനെ നിലയുറപ്പിക്കാന്‍ സമ്മതിക്കാതിരുന്നത്. ഗെയ്‌ലിന്റെ വിക്കറ്റ് ഒഴിച്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയെല്ലാം ബൗള്‍ട്ടാണ് മടക്കിയത്.
റോസ് ടെയ്‌ലര്‍ (42), കെയ്ന്‍ വില്യംസണ്‍ (33), ഗ്രാന്റ് എലിയട്ട് (27) എന്നിവര്‍ ഗുപ്റ്റിലിന് പിന്തുണ നല്കി. വിന്‍ഡീസ് നിരയില്‍ ബൗളര്‍മാരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല. എട്ട് ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയ ഡാരന്‍ സമി മാത്രമാണ് ആറ് റണ്‍സ് ശരാശരിയില്‍ താഴെ പന്തെറിഞ്ഞത്. ആന്ദ്രേ റസല്‍ 10 ഓവറില്‍ 96 റണ്‍സ് വഴങ്ങിയപ്പോള്‍ ജെറാം ടെയ്‌ലറുടെ ഏഴ് ഓവറില്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ 71 റണ്‍സ് അടിച്ചുകൂട്ടി.

ആദ്യ സെമിയില്‍ 24ന് ന്യൂസിലാന്‍ഡിനെ ദ.ആഫ്രിക്ക നേരിടും. രണ്ടാം സെമിയില്‍ 26ന് ഇന്ത്യയ്ക്ക് ഓസ്ട്രേലിയയാണ് എതിരാളി.

New Zealand v West Indies: Quarter Final - 2015 ICC Cricket World Cup

തലയെടുപ്പോടെ
വിന്‍ഡീസിന്റെ മടക്കം

ന്യൂസിലന്‍ഡിന്റെ വമ്പന്‍ സ്‌കോറിനെതിരെ 143 റണ്‍സ് പരാജയം ഏറ്റുവാങ്ങിയെങ്കിലും വിന്‍ഡീസിന്റെ മടക്കം തലയെടുപ്പോടെ തന്നെ. 30.3 ഓവറില്‍ 250 റണ്‍സെടുത്ത വിന്‍ഡീസിന്റെ റണ്‍റേറ്റ് 8.19 ആണ്. ഏകദിന ചരിത്രത്തിലെ ആള്‍ ഔട്ടാകുന്ന ഒരു ടീമിന്റെ ഉയര്‍ന്ന റണ്‍റേറ്റാണ് ഇത്.
ആള്‍ ഔട്ടാകുമ്പോള്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 117 പന്തില്‍ 144 റണ്‍സ് മാത്രമായിരുന്നു!
അതേസമയം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിന് 30.3 ഓവറില്‍ 166 റണ്‍സ് മാത്രമാണ്. റണ്‍റേറ്റ് 5.48. കിവികള്‍ക്ക് സ്‌കോര്‍ 250ല്‍ എത്താന്‍ 42മത്തെ ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. 41.2 ഓവറിലാണ് അവര്‍ 250ല്‍ എത്തിയത്. എന്നാല്‍ വിക്കറ്റ് സംരക്ഷിച്ച് കളിച്ച കിവികള്‍ അവസാന പത്തോവറില്‍ 153 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ബൗള്‍ട്ടിന് 19 വിക്കറ്റ്
ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ന്യൂസിലന്‍ഡ് പേസ് ബൗളര്‍ ട്രെന്‍ഡ് ബൗള്‍ട്ട് മുന്നിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നാല് വിക്കറ്റ് നേടിയതോടെ 19 വിക്കറ്റുകളായി. ആസ്‌ത്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ച്ച് 18 വിക്കറ്റുകളുമായും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി 17 വിക്കറ്റുകളുമായും തൊട്ടുപിന്നില്‍

ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

264 രോഹിത് ശര്‍മ (ഇന്ത്യ) ശ്രീലങ്കക്കെതിരെ കൊല്‍ക്കത്തയില്‍(2014)

237* മാര്‍ട്ടിന്‍ ഗുപ്ടില്‍ (ന്യൂസിലാന്‍ഡ്) വെസ്റ്റിന്‍ഡീസിനെതിരെ വെല്ലിംഗ്ടണില്‍ (2015)

219 വിരേന്ദര്‍ സെവാഗ്(ഇന്ത്യ) വെസ്റ്റിന്‍ഡീസിനെതിരെ ഇന്‍ഡോറില്‍ (2011)

215 ക്രിസ് ഗെയില്‍ (വെസ്റ്റിന്‍ഡീസ്) സിംബാബ്‌വെക്കെതിരെ കാന്‍ബെറയില്‍ (2015)

209 രോഹിത് ശര്‍മ (ഇന്ത്യ) ആസ്‌ത്രേലിയക്കെതിരെ ബെംഗളുരുവില്‍ (2013)

200* സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ) ദക്ഷിണാഫ്രിക്കക്കെതിരെ ഗ്വാളിയോറില്‍ (2010)