അജ്ഞലിക്ക് അമ്മയുടെ കരളായി; ഇനി അന്തിയുറങ്ങാന്‍ വീടൊരുക്കും

Posted on: March 21, 2015 9:48 am | Last updated: March 21, 2015 at 9:48 am
SHARE

വേങ്ങര: അജ്ഞലിക്ക് അമ്മയുടെ കരളില്‍ ജീവനായി. ഇനി അന്തിയുറങ്ങാന്‍ കൂട്ടായ്മയില്‍ വീടൊരുക്കും. കരള്‍ രോഗമായ ലിവര്‍ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്ന ഊരകം അഞ്ചുപറമ്പിലെ തെരുവത്ത് അറമുഖന്റെ മകള്‍ അജ്ഞലിയാണ് നാട്ടുകാരുടെ കാരുണ്യത്തില്‍ അമ്മ പകുത്ത് നല്‍കിയ കരളുമായി ചികിത്സ കഴിഞ്ഞ് നാട്ടിലെത്തിയത്.

പത്താം തരത്തില്‍ പഠിക്കുമ്പോഴാണ് അജ്ഞലിക്ക് കരള്‍ രോഗം ബാധിച്ചത്. സ്വന്തമായി വീടില്ലാതെ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന കുടുംബത്തിന് ചികിത്സ തന്നെ മരീചികയായി മാറിയപ്പോഴാണ് കരള്‍ മാറ്റി വെച്ച് ജീവന്‍ രക്ഷിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. പകച്ചു നിന്ന കുടുംബത്തിന് ആശ്വാസമായി നാട്ടുകാര്‍ സംഘടിച്ച് ചികിത്സക്കാവാശ്യമായ പണം ശേഖരിച്ചു.
സ്വന്തം നാടായ ഊരകത്തെ പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു ചെയര്‍മാനായി അജ്ഞലി ചികിത്സാ സഹായ സമിതിയും അജ്ഞലിയുടെ തറവാട് വീടായ പറപ്പൂര്‍ ഇല്ലിപിലാക്കല്‍ കേന്ദ്രീകരിച്ച് സപ്പോര്‍ട്ടിംഗ് സമിതിയും രൂപവത്കരിച്ചാണ് ചികിത്സക്ക് ആവശ്യമായ പണം ശേഖരിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെയെല്ലാം ഫണ്ട് ശേഖരണത്തിന് മുന്നിട്ടിറങ്ങി. ശ്രമം വിജയം കണ്ടതോടെ ഡിസംബര്‍ 12ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കി. മാതാവ് ചെമ്പയില്‍ ശോഭന തന്റെ കരളിന്റെ ഭാഗം മകളുടെ ജീവനായി പകുത്ത് നല്‍കുകയായിരുന്നു. അജ്ഞലിയും ശോഭനയും ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസം തറവാട് വീടായ ഇല്ലിപ്പിലാക്കലില്‍ തിരിച്ചെത്തി. ഏറെ പ്രതീക്ഷയില്‍ ഒരു നാട് മുഴുവന്‍ പങ്കാളിയായ ജീവന്‍രക്ഷാശ്രമത്തില്‍ വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍.
മാത്രവുമല്ല അജ്ഞലിയുടെ പ്രായകുറവും ഏറെ യോജിപ്പുള്ള മാതാവിന്റെ കരളും ഒന്നിച്ചത് മറ്റു കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയകളെക്കാള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു.
30 ലക്ഷം രൂപ ചികിത്സക്കായി കണക്കാകി രംഗത്തിറങ്ങിയ സഹായ സമിതിയുടെ ഫണ്ടിലേക്ക് സുമനസുകളെ നാണയ തുട്ടുകളടക്കം ഒഴുകിയെത്തിയപ്പോള്‍ ശേഖരിക്കാനായത് 60 ലക്ഷത്തിലധികം രൂപയാണ്. 20 ലക്ഷം രൂപയിലധികം ഇതേവരെ ചികിത്സക്കായി ചെലവിട്ടു.
ശേഷിക്കുന്ന പണവും സുമനസുകളുടെ സഹായവും കൈമുതലാക്കി താമസിക്കാന്‍ വീട്ടില്ലാത്ത അജ്ഞലിക്ക് വീടൊരുക്കും. ഇതിനായി 15 ലക്ഷം രൂപയാണ് ചെലവിടുന്നത്. ശേഷിക്കുന്ന പണം അജ്ഞലിയുടെ പേരില്‍ തന്നെ നിക്ഷേപമാക്കാനാണ് പദ്ധതി.