വകുപ്പില്‍ അഴിമതിയുണ്ടെന്ന് സമ്മതിച്ച് റെയില്‍വേ മന്ത്രി

Posted on: March 21, 2015 1:01 am | Last updated: March 21, 2015 at 1:01 am
SHARE

Suresh Prabhuന്യൂഡല്‍ഹി: തന്റെ മന്ത്രാലയത്തില്‍ വിവിധ തലങ്ങളില്‍ അഴിമതിയുണ്ടെന്ന് സമ്മതിച്ച് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. കര്‍ശന നടപടിയിലൂടെയും സുതാര്യ സംവിധാനം ഒരുക്കിയും അഴിമതി ഇല്ലാതാക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി അദ്ദേഹം രാജ്യസഭയെ അറിയിച്ചു.
വിവിധ തലങ്ങളില്‍ അഴിമതി ഉള്ളതായി നിരവധി സംഭവങ്ങളും ആരോപണങ്ങളും പരാതികളും ഉണ്ടായിട്ടുണ്ട്. റെയില്‍വേ ബോര്‍ഡിലെ ഒരംഗം സസ്‌പെന്‍ഷനിലാണ്. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യാണ്. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി പ്രഭു പറഞ്ഞു. കരാര്‍, നിയമനം എന്നീ മേഖലകളിലാണ് അഴിമതി പിടിമുറുക്കിയിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കുന്ന നിരവധി സംഭവങ്ങളും ഉണ്ടായി. എല്ലാ കരാറുകളും ഒരു കേന്ദ്രത്തില്‍ നിന്ന് അനുവദിക്കുന്ന സംവിധാനം ഒരുക്കും. നിയമനം, ജോലി അടക്കമുള്ള വിഷയങ്ങളില്‍ പരമാവധി സുതാര്യത കൊണ്ടുവരുമെന്നും പ്രഭു പറഞ്ഞു. മുന്‍ സി എ ജി വിനോദ് റായിയുടെ സേവനം തേടും. അദ്ദേഹമാണ് തന്റെ ഉപദേശകന്‍. അഴിമതി തടയാന്‍ വേണ്ടതെല്ലാം ചെയ്യും. മന്ത്രി പറഞ്ഞു.
ജനങ്ങളെ കബളിപ്പിക്കുന്നത് തടയാന്‍ വെബ് അടിസ്ഥാനത്തിലുള്ള പ്രശ്‌നപരിഹാര സംവിധാനവും മൊബൈല്‍ ഫോണിലൂടെ പരാതി സ്വീകരിക്കലും ആരംഭിച്ചിട്ടുണ്ട്. പരാതി പുതുക്കാനും പുരോഗതി പരിശോധിക്കാനും അവസരമുണ്ട്. സംവിധാനത്തെ കീഴ്‌പ്പെടുത്തുന്നയിടത്ത് അഴിമതി വ്യാപകമാകും. വകുപ്പ് തല നടപടി നേരിട്ട ഉദ്യോഗസ്ഥരുടെ എണ്ണം 2012ല്‍ 251ഉം 2013ല്‍ 168ഉം 2014ല്‍ 231ഉം ആണ്. സി ബി ഐക്ക് കൈമാറിയ കേസുകള്‍ 2012ല്‍ 15ഉം 2013ല്‍ 16ഉം 2014ല്‍ 13ഉം ആണ്. മികച്ച രീതിയില്‍ സ്ഥാപിക്കപ്പെട്ട സംവിധാനമാണ് റെയില്‍വേ. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നിയമങ്ങളും നടപടിക്രമങ്ങളുമുണ്ട്. ആവശ്യമുള്ളപ്പോള്‍ ശരിയായ നടപടികള്‍ സ്വീകരിക്കുന്നത് തുടരുന്ന പ്രക്രിയയാണ്. എന്തെങ്കിലും കൃത്രിമം കണ്ടാല്‍ കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് അച്ചടക്ക നടപടി സ്വീകരിക്കും. ഗ്രൂപ്പ് എ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസുകളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ടെന്‍ഡറുകളുടെയും വിവരം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇ ടെന്‍ഡറിലൂടെയും പരിഷ്‌കരിച്ച ലേലത്തിലൂടെയുമാണ് സ്റ്റോര്‍ സംഭരണം നടക്കുന്നത്. തത്കാല്‍ റിസര്‍വേഷന്‍ നടപടിയും റേക് അനുവദിക്കലും സൈറ്റിലൂടെയാക്കിയിട്ടുണ്ട്. പ്രഭു ചൂണ്ടിക്കാട്ടി.