Connect with us

National

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ അറസ്റ്റില്‍ സുപ്രീം കോടതി വിശദീകരണം തേടി

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദ് പാര്‍ട്ടി നേതാവും നഗരവികസന മന്ത്രിയുമായ അഅ്‌സം ഖാനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്ത കേസില്‍ സുപ്രീം കോടതി യു പി പോലീസിനോടും സര്‍ക്കാറിനോടും വിശദീകരണം തേടി. നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് ജസ്റ്റിസ് ജെ ചെലമശ്വേര്‍, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ എന്നിവടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.
വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കാണിച്ച് നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച ബഞ്ച് ഇക്കാര്യത്തില്‍ ഇടപെടുമെന്ന് വ്യക്തമാക്കി. കേസ് നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. ബറേലി ജില്ലക്കാരനായ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് കഴിഞ്ഞ ദിവസം രാംപൂരിലെ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായ നിയമ വിദ്യാര്‍ഥിനി ശ്രേയ ശിംഘാല്‍ ആണ് അറസ്റ്റ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.
ഐ ടി ആക്ടിന്റെ 66എ വകുപ്പ് അനുസരിച്ച് കേസെടുക്കണമെങ്കില്‍ ഐ ജി, ഡി സി പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും പന്ത്രണ്ടാം ക്ലാസുകാരന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സോളി ജഹാംഗിര്‍ സൊറാബ്ജി വാദിച്ചു. ഈ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് നിത്യ സംഭവമായിരിക്കുന്നുവെന്നും അതിനാല്‍ അത് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, മന്ത്രിക്കെതിരായ പരാമര്‍ശം അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുന്നതുമാണെന്നും യു പി സര്‍ക്കാറിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ഇത്തരം അറസ്റ്റുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം കാറ്റില്‍ പറത്തുകയും അധികാര ദുര്‍വിനിയോഗം നടത്തുകയുമാണ് യു പി സര്‍ക്കാര്‍ ചെയ്തതെന്ന് സൊറാബ്ജി വാദിച്ചു.
ഐ ടി ആക്ടിന്റെ 66എ വകുപ്പിന്റെ സാധുത ചോദ്യം ചെയ്ത് ശ്രേയ ശിംഘാല്‍ നേരത്തെയും ഹരജി നല്‍കിയിരുന്നു. ശിവസേനാ മേധാവിയായിരുന്ന ബാല്‍ താക്കറെ അന്തരിച്ചപ്പോള്‍ ബന്ദാചരിച്ചതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട ശഹീന്‍, റിനു എന്നിവരെയും ലൈക്ക് ചെയ്ത മറ്റൊരു യുവതിയെയും അറസ്റ്റ് ചെയ്തപ്പോഴായിരുന്നു അത്.

Latest