മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ വാഹനത്തിലുണ്ടായിരുന്ന സിഗരറ്റ് മോഷ്ടിച്ചത്

Posted on: March 19, 2015 10:23 am | Last updated: March 19, 2015 at 10:23 am
SHARE

ഒറ്റപ്പാലം: മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി പോലീസിന് കൈമാറിയ വാഹനത്തിലുണ്ടായിരുന്ന സിഗരറ്റ് തിരൂരില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന വി അബ്ദുല്‍റഹ്മാന്റെ ഉടമസ്ഥതയിലുള്ള തിരൂര്‍ കേരങ്ങത്ത് വേളേക്കാട്ട് ട്രേഡിംഗ് കോര്‍പറേഷനില്‍ നിന്നാണ് 13.50 ലക്ഷം വിലവരുന്ന സിഗരറ്റ് മോഷണം പോയിരുന്നത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ലെക്കിടി മംഗലത്ത് വെച്ച് വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരുടെ സഹായത്തോടെ അമ്പലപ്പാറയില്‍ വെച്ച് പിടികൂടിയത്. നികുതിയടക്കാതെ കടത്തുകയായിരുന്ന സിഗരറ്റാണെന്നാണ് കരുതിയിരുന്നത്.
കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കാര്‍ വാഹന വകുപ്പ് പോലീസിന് കൈമാറുകയും പോലീസ് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. കാറിലുണ്ടായിരുന്ന വരോട് സ്വദേശി റഫീഖിനെയും എടരിക്കോട് സ്വദേശി മുഹമ്മദലിയെ കുറിച്ചും വിശദമായ അന്വേഷണം നടത്താതെയാണ് പോലീസ് വാഹനം കൈമാറിയത്. വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ കാര്‍ ഡ്രൈവറുടെ പേരും മേല്‍വിലാസവും വാങ്ങിച്ച ശേഷം ഇവരെ വിട്ടയിച്ചിരുന്നു.
തിരൂര്‍ സി ഐ മുഹമ്മദലി വാഹന കസ്റ്റഡിയിലെടുക്കാനെത്തിയ സമയത്താണ് മോഷണമാണെന്ന് പുറത്തറിയുന്നത്. പാലക്കാട് കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിനു പിന്നിലെന്ന സംശയത്തിലാണ് പോലീസ് പാലക്കാട്ടെത്തിയത്.
വരോട് സ്വദേശി റഫീഖിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഒറ്റപ്പാലം പോലീസ്. പരിശോധനയില്‍ വാഹനം വടക്കഞ്ചേരി സ്വദേശിയുടേതാണെന്ന് കണ്ടെത്തിയിരുന്നു.