Connect with us

Ongoing News

ആഴ്‌സണല്‍ പുറത്ത്, ഷൂട്ടൗട്ട് കടന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്‌

Published

|

Last Updated

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. നിര്‍ണായകമായ രണ്ടാം പാദ എവേ മാച്ചില്‍ 2-0ന് മൊണാക്കോയെ തോല്‍പ്പിച്ച് ഇരുപാദസ്‌കോര്‍ ആഴ്‌സണല്‍ 3-3ന് തുല്യമാക്കിയെങ്കിലും ഒരൊറ്റ എവേ ഗോളില്‍ പിന്തള്ളപ്പെട്ടു.
ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോ ആഴ്‌സണലിന്റെ തട്ടകത്തില്‍ 3-1ന് ജയിച്ചിരുന്നു. ഇതാണ് മൊണാക്കോക്ക് പിടിവള്ളിയായത്. അതേ സമയം, ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കൂസനെ ഷൂട്ടൗട്ടില്‍ 2-3ന് കീഴടക്കി സ്പാനിഷ് ടീം അത്‌ലറ്റിക്കോ മാഡ്രിഡ് ക്വാര്‍ട്ടറിലെത്തി.
രണ്ടാം പാദം സ്വന്തം തട്ടകത്തില്‍ അത്‌ലറ്റിക്കോ 1-0ന് ജയിച്ചതോടെ ഇരുപാദ സ്‌കോര്‍ തുല്യമായി (1-1). ഇതേത്തുടര്‍ന്നാണ് മത്സരം അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.
ഇരുപത്തേഴാം മിനുട്ടില്‍ മരിയോ സുവാരസാണ് അത്‌ലറ്റിക്കോയുടെ ഒരു ഗോളിന്റെ കടം വീട്ടിയത്. അഞ്ച് പേര്‍ കിക്ക് പാഴാക്കിയ ഷൂട്ടൗട്ടില്‍ സ്റ്റെഫാന്‍ കീസ്‌ലിംഗ് കിക്ക് പാഴാക്കിയതോടെയാണ് ലെവര്‍കൂസന്റെ പരാജയം ഉറപ്പായത്. സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസിലൂടെയാണ് അത്‌ലറ്റിക്കോ 3-2ന് ഷൂട്ടൗട്ടില്‍ ലീഡെടുത്തത്.
അത്‌ലറ്റിക്കോ കോച്ച് ഡിയഗോ സിമിയോണി സര്‍പ്രൈസ് നിരയെയാണ് കളത്തിലിറക്കിയത്. ക്യാപ്റ്റന്‍ ഗാബിക്ക് പകരം വിയ്യാറയലില്‍ നിന്ന് വായ്പക്കെടുത്ത മിഡ്ഫീല്‍ഡര്‍ കാനിയെ ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തി. മരിയോ മാന്‍ഡുകിചായിരുന്നു സ്‌ട്രൈക്കര്‍. പകരക്കാരനായാണ് ടോറസ് കളത്തിലെത്തിയത്. പകരക്കാരനായിറങ്ങിയ ഗോളി ഒബ്‌ലാകാണ് ഹീറോ ആയത്.
ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് (36), ആരോന്‍ റാംസി (79) എന്നിവരുടെ ഗോളുകളാണ് ആഴ്‌സണലിന് പ്രതീക്ഷ നല്‍കിയത്. ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു. കിണഞ്ഞു ശ്രമിച്ചെങ്കിലും മൊണാക്കോ പ്രതിരോധം ശക്തപ്പെടുത്തി ഗണ്ണേഴ്‌സിനെ നിരാശപ്പെടുത്തി.