Connect with us

Gulf

സാമൂഹിക മാധ്യമ ഉച്ചകോടിക്ക് ഉജ്വല തുടക്കം

Published

|

Last Updated

ദുബൈ: സാമൂഹിക മാധ്യമ ഉച്ചകോടിക്ക് ഉജ്വല തുടക്കം. വേള്‍ഡ് ട്രേഡ് സെന്ററില്‍ ആയിരക്കണക്കിന് ആളുകളാണ് ആദ്യദിവസത്തെ സെമിനാറുകളില്‍ പങ്കെടുക്കാന്‍ എത്തിയത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. യുവതീയുവാക്കളായിരുന്നു ഏറെയും. രാവിലെ ഒമ്പതിനായിരുന്നു ഉദ്ഘാടനച്ചടങ്ങ്. പിന്നീട് ദര്‍ദാ ചാറ്റ് എന്ന വിഷയത്തില്‍ സെമിനാറുകള്‍ നടന്നു. ഹ്യൂമണ്‍സ് ഓഫ് ന്യൂയോര്‍ക്ക് എന്ന ബ്ലോഗിന്റെ സ്ഥാപകന്‍ ബ്രാണ്ടന്‍ സ്റ്റാന്റോണ്‍ ആണ് ആദ്യം അവതരണം നടത്തിയത്. ശൈഖ് മാജിദ് അല്‍ സബാഹ്, അഹ്‌ലാം അല്‍ ശംസി, ഉമര്‍ സമ്‌റ, മുസ്തഫ അല്‍ ആഗ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ഇന്ന് യൂ ട്യൂബ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് വിഷയാവതരണം നടക്കും. സാമൂഹിക മാധ്യമങ്ങളുടെ വികാസ പരിണാമങ്ങളെക്കുറിച്ചുള്ള രേഖാചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. ഒമ്പതാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ കണ്ടുപിടക്കപ്പെട്ട കണക്കിലെ അള്‍ജീബ്രയും ലോഗരിതവുമാണ് സാമൂഹിക മാധ്യമങ്ങളുടെ കണ്ടുപിടുത്തത്തിന് അടിസ്ഥാനമെന്ന് പ്രദര്‍ശനം ബോധ്യപ്പെടുത്തുന്നു. 1969ലാണ് ലോകത്ത് ആദ്യ കമ്പ്യൂട്ടര്‍ സേവനം. 1971ല്‍ ആദ്യ ഇ-മെയില്‍ അയക്കപ്പെട്ടു. 1989ല്‍ വേള്‍ഡ് വൈഡ് വെബും 1994ല്‍ യാഹുവും 1998ല്‍ ഗൂഗിളും ഉടലെടുത്തുവെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നു.