തൊഴിലുറപ്പ് പദ്ധതി: കാര്‍ഷിക മേഖലയില്‍ 75 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും

Posted on: March 18, 2015 10:02 am | Last updated: March 18, 2015 at 10:02 am
SHARE

കല്‍പ്പറ്റ: ജില്ലയില്‍ സമഗ്ര കാര്‍ഷിക വികസന പരിപാടികള്‍ നടപ്പാക്കുന്നതിനായി തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത സാമ്പത്തിക വര്‍ഷം 75 കോടി രൂപ ചെലവഴിക്കും.
ഇതിനാവശ്യമായ കര്‍മ്മപദ്ധതി വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ സി.വി. ജോയി അറിയിച്ചു. തെങ്ങ്, കാപ്പി, കുരുമുളക്, തേയില എന്നീ തോട്ടവിളകളുടെ വ്യാപനമാണ് ഏറ്റവും പ്രധാനമായി ഏറ്റെടുത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ഏക്കറില്‍ താഴെ കൃഷിഭൂമി സ്വന്തമായുള്ള ചെറുകിട, പരിമിതകര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ഈ വിളകള്‍ നട്ടുപിടിപ്പിക്കും. കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനക്ഷമത വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് തൊഴിലുറപ്പ് പദ്ധതിയില്‍ മുന്‍ഗണന നല്‍കി നടപ്പാക്കുന്നത്.
ഈ ലക്ഷ്യത്തോടെ ഓരോ ഗ്രാമപഞ്ചായത്തിലും 5000 തെങ്ങിന്‍തൈകള്‍ കാര്‍ഷികനഴ്‌സറികളിലൂടെ ഉല്‍പ്പാദിപ്പിക്കും. കൃഷി വകുപ്പ്, നാളികേരവികസന ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയും നിര്‍ദ്ദേശത്തോടെയുമാണ് തെങ്ങിന്‍തൈകളുടെ നഴ്‌സറികള്‍ തയ്യാറാക്കുന്നത്. ഇതോടൊപ്പം തന്നെ സിതആര്‍, റോബസ്റ്റ എന്നീ ഇനങ്ങളിലുളള കാപ്പിതൈകളുടെ നഴ്‌സറിയും വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. 31 ലക്ഷം കാപ്പിതൈകളാണ് ഇങ്ങനെ തയ്യാറാക്കിയിട്ടുളളത്.
കോഫിബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെയാണ് കാപ്പിത്തൈകള്‍ തയ്യാറാക്കുന്നത്. ഇവയെല്ലാം മഴക്കാലാരംഭത്തോടെ ചെറുകിട പരിമിത കര്‍ഷകരുടെ കൈവശഭൂമിയില്‍ നട്ടുപിടിപ്പിക്കും. ആദ്യവര്‍ഷം 25 സെന്റുമുതല്‍ ഒരു ഏക്കര്‍വരെ കൈവശഭൂമിയുളളവരുടെ കൃഷിയിടങ്ങളിലാണ് ഈ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്. അടുത്തഘട്ടത്തില്‍ 2 ഏക്കര്‍ മുതല്‍ മൂന്ന് ഏക്കര്‍വരെയുളള കര്‍ഷകരുടെ കൃഷിയിടത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അടുത്ത 5 വര്‍ഷത്തിനുളളില്‍ 5 ഏക്കര്‍വരെ കൃഷിഭൂമിയുളള എല്ലാവരുടേയും കൃഷിയിടത്തിലേക്ക് ഇത് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഫാം ഫോറസ്റ്ററി പദ്ധതിയിലുള്‍പ്പെടുത്തി കൃഷിഭൂമിയുടെ അതിരുകളില്‍ വനംവകുപ്പിന്റെ സഹായത്തോടെ തേക്ക്, മഹാഗണി മുതലായ വൃക്ഷതൈകളും ഉടന്‍ നട്ടുപിടിപ്പിക്കും. ഇതിനാവശ്യമായ തൈകള്‍ സൗജന്യ നിരക്കില്‍ വനംവകുപ്പ് ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും. മണ്ണ്-ജലസംരക്ഷണ പ്രവൃത്തികളുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച കയ്യാലകളിലും ബണ്ടുകളിലും സി.ഒ. 3, തുമ്പൂര്‍മുഴി എന്നീ ഇനങ്ങളിലുളള തീറ്റപ്പുല്ല് വച്ചുപിടിപ്പിക്കും.
ക്ഷീരവികസനം ലക്ഷ്യമാക്കിയാണ് ഈ പദ്ധതി ഏറ്റെടുക്കുന്നത്. തീറ്റപ്പുല്‍കൃഷി സംബന്ധിച്ച പരിശീലനം ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കും ഇതിനകം നല്‍കികഴിഞ്ഞു. ഇതോടൊപ്പം ചെറുകിട കര്‍ഷകകരുടെ കൃഷിയിടത്തില്‍ ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ജലസേചനകുളങ്ങള്‍ നിര്‍മ്മിച്ചുനല്‍കും. കയര്‍ബോര്‍ഡിന്റെ സഹായത്തോടെ ഈ കുളങ്ങളുടെ ഭിത്തികളില്‍ കയര്‍വല വിരിച്ച് ശക്തിപ്പെടുത്തി തുമ്പൂര്‍മൂഴി പുല്ല് നട്ടുപിടിപ്പിക്കുകയും ചെയ്യും. ഈ കുളങ്ങളില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയ്ക്കും ഫിഷറീസ് വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.