Connect with us

Kasargod

ഊരുവിലക്ക്: എസ് വൈ എസ് നേതാവിന് വഖ്ഫ് ബോര്‍ഡിന്റെ അനുകൂല ഉത്തരവ്‌

Published

|

Last Updated

കാഞ്ഞങ്ങാട്: ബല്ലാകടപ്പുറം സ്വദേശിയായ എസ് വൈ എസ് നേതാവിനെ ഊരുവിലക്കിയ സംഭവത്തില്‍ ബല്ലാകടപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയുള്ള ഹരജിയില്‍ പരാതിക്കാരന് അനുകൂല വിധി. ജമാഅത്തിനെതിരെ കാഞ്ഞങ്ങാട്ടെ മദനി ട്രാവല്‍സ് ഉടമയും എസ് വൈ എസ് പ്രാദേശിക നേതാവുമായ ദാറുല്‍ മദനി ഹൗസിലെ അബ്ദുല്‍ ഹമീദ്് മദനി നല്‍കിയ പരാതിയിലാണ് അനുകൂലമായി വഖഫ് ബോര്‍ഡിന്റെ ഉത്തരവുണ്ടായത്. അബ്ദുല്‍ ഹമീദ് മദനിയുടെ മകളുടെ കല്യാണച്ചടങ്ങ് ബല്ലാകടപ്പുറം ജമാഅത്ത് ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ പൊസോട്ടിന്റെ കാര്‍മികത്വത്തിലാണ് ഹമീദ് മദനിയുടെ മകളുടെ വിവാഹം കഴിഞ്ഞത്.
കല്യാണച്ചടങ്ങില്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി നടത്തിയ ഊരുവിലക്ക് ഏറെ വിവാദമുണ്ടാക്കിയിരുന്നു. 2014 മെയിലായിരുന്നു സംഭവം. 2013ല്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയെയും സയ്യിദ് ഫസല്‍കോയമ്മ തങ്ങള്‍ കുറായേയും പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതാണ് ബല്ലാകടപ്പുറം ജമാഅത്ത് കമ്മിറ്റിക്ക് ഹമീദ് മദനിയോട് വൈരാഗ്യമുണ്ടാകാന്‍ കാരണം.
ഇത്തേ തുടര്‍ന്നാണ് അബ്ദുല്‍ ഹമീദ് മദനിയുടെ മകളുടെ വിവാഹ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ജമാഅത്ത് കമ്മിറ്റി ആഹ്വാനം ചെയ്തത്. ഈ സംഭവത്തിന് ശേഷം അദ്ദേഹത്തില്‍ നിന്ന് ജമാഅത്ത് കമ്മിറ്റി വരിസംഖ്യയോ മറ്റ് പിരിവുകളോ വാങ്ങിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം സംസ്ഥാന വഖ്ഫ് ബോര്‍ഡിന് ഊരുവിലക്കിനെതിരെ പരാതി കൊടുത്തത്.
അബ്ദുല്‍ ഹമീദ് മദനി കൊടുത്ത പരാതിയില്‍ അദ്ദേഹത്തിന് ബല്ലാകടപ്പുറം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി മഹല്ലിലെ അംഗമെന്ന നിലയില്‍ എല്ലാ സേവനങ്ങളും ചെയ്തു കൊടുക്കണമെന്നാണ് വഖ്ഫ് ബോര്‍ഡ് ഉത്തരവിട്ടിരിക്കുന്നത്.